തോമസ് ചാണ്ടിയുടേത് ജാമ്യമില്ലാ കുറ്റം: നടപടി വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

Tuesday 24 October 2017 8:00 am IST

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കി ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോടതികളിലെ കേസുകള്‍ ചൂണ്ടിക്കാട്ടി നടപടി വൈകിപ്പിക്കാന്‍ നീക്കം. സിപിഎമ്മും, സിപിഐയും, കോണ്‍ഗ്രസും, ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പ് പലവിധത്തില്‍ ഒത്താശ ചെയ്‌തെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സാങ്കേതികത്വം പറഞ്ഞ് രക്ഷിക്കാനുള്ള ശ്രമമാണ് അണിയറയില്‍. തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ച് മാര്‍ത്താണ്ഡം കായല്‍ നിലം താന്‍ നികത്തിയെന്ന് തോമസ് ചാണ്ടി കുറ്റസമ്മതം നടത്തിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി അറിയുന്നു. മാര്‍ത്താണ്ഡം കായലില്‍ മന്ത്രി തോമസ്ചാണ്ടി ചെയ്തത് മൂന്ന് വര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴ ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. ഭൂസംരക്ഷണ നിയമത്തിന്റെ 2009 ലെ ഭേദഗതി അനുസരിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറുന്നതോ കൈവശം വെക്കുന്നതോ ഉപയോഗിക്കുന്നതോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതിന് തയ്യാറാകുമോയെന്നാണ് ചോദ്യം. മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറി നികത്തിയത് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയാണ്. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് കണ്ടെത്തിയിട്ടും തിരിച്ചുപിടിക്കാന്‍ തയ്യാറാവാത്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാം. 2011ലും 2017 ലും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് വില്ലേജ് ഓഫീസറും തഹസില്‍ദാറും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വില്ലേജ് ഓഫീസറുടെ സ്റ്റേ ഉത്തരവ് മറികടന്നും നികത്തല്‍ തുടര്‍ന്നു. ഇതിനെതിരെ കൈനകരി ഗ്രാമപഞ്ചായത്തംഗം നല്‍കിയ കേസില്‍ വില്ലേജ് ഓഫീസറുടെ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവായിരുന്നു. തോമസ് ചാണ്ടി മണ്ണിട്ട് നികത്തിയ മാര്‍ത്താണ്ഡം കായലിലെ ഭൂമി ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താതെയും ഒത്തുകളി നടന്നതായി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ഭൂമി ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തി ഇനി വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതികത്വം പറഞ്ഞ് മന്ത്രിക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ട്. എന്നാല്‍ മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റത്തിലും നിലം നികത്തലിലും മന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ല. റിസോര്‍ട്ടിന് മുന്നിലൂടെയുള്ള റോഡിന് പി.ജെ. കുര്യനും, കെ.ഇ. ഇസ്മയിലും എംപി ഫണ്ട് അനുവദിച്ചത് മുന്‍ ഡിസിസി പ്രസിഡന്റിന്റെയും, സിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെയും ശുപാര്‍ശ പ്രകാരമാണെന്ന് തെളിഞ്ഞതിനാല്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും നടപടിക്ക് സാദ്ധ്യത കുറവാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.