ഭക്ഷണത്തില്‍ പുഴു: കോളേജ് കാന്റീന്‍ ഉപരോധിച്ചു

Monday 23 October 2017 7:54 pm IST

ശ്രീകണ്ഠപുരം: പ്രഭാതഭക്ഷണത്തില്‍ പുഴുക്കള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കാന്റീന്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത പുട്ടിലും കടലയിലുമാണ് പുഴുക്കള്‍ കാണപ്പെട്ടത്. ഇതില്‍ ക്ഷുഭിതരായ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ധര്‍ണ്ണ നടത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായി. ഏതാനും ദിവസം മുമ്പും സമാനരീതിയില്‍ ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഭക്ഷണത്തോടൊപ്പം നല്‍കിയ മത്സ്യക്കറിയിലും പുഴുക്കള്‍ കാണപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഭക്ഷണത്തില്‍ പ്ലാസ്റ്റിക് കാണപ്പെട്ടതിനെ തുടര്‍ന്നും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. കോളേജിലെ അമിത ഫീസ്, നിസാര കാര്യങ്ങള്‍ക്കു പോലും അമിത പിഴ എന്നിവയില്‍ പ്രതിഷേധിച്ച് ഒരുവര്‍ഷം മുമ്പ് വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കിയതിനെ തുടര്‍ന്ന് ആഴ്ചകളോളം കാമ്പസ് അടച്ചുപൂട്ടേണ്ടിവന്നിരുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരെ ഉപയോഗിച്ച് ഇടക്കിടെ കാന്റീനില്‍ പരിശോധന നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.