വിളക്കൊളി പെരുമാളായി വിഷ്ണുഭഗവാന്‍

Monday 23 October 2017 7:45 pm IST

നൂറ്റിയെട്ട് ദിവ്യദേശങ്ങളില്‍ ഒന്നാണ് കാഞ്ചീപുരത്തെ വിളക്കൊളി പെരുമാള്‍ വിഷ്ണുക്ഷേത്രം. തന്റെ പേരില്‍ ഭൂമിയില്‍ ക്ഷേത്രമില്ലാത്തതിനാല്‍ ഖിന്നനായ ബ്രഹ്മാവ് ആ ആഗ്രഹസാക്ഷാത്കാരത്തിനായി ഒരു മഹായജ്ഞം ആരംഭിച്ചു. പത്‌നിയായ സരസ്വതിയെ യജ്ഞത്തില്‍ പങ്കാളിയാക്കാതിരുന്നതില്‍ കുപിതയായ ദേവി യജ്ഞസ്ഥലത്താകെ ഇരുട്ട് വ്യാപിക്കട്ടെ എന്ന് ശപിച്ചു. പ്രശ്‌നപരിഹാരത്തിനായി ബ്രഹ്മാവ് വിഷ്ണുവിനെ സമീപിച്ചു. വിഷ്ണു അവിടെ പ്രകാശം പരത്തി. അങ്ങനെ ദേവന്‍ വിളക്കൊളി പെരുമാള്‍, ദീപ പ്രകാശനാഥന്‍, ദിവ്യപ്രകാശ പെരുമാള്‍ എന്നെല്ലാം അറിയപ്പെട്ടു. ഐതിഹ്യം മറ്റൊന്നുകൂടി പാഠഭേദത്തോടെ പറഞ്ഞുവരുന്നു. തനിക്കാണോ ലക്ഷ്മീദേവിക്കാണോ മഹത്വം കൂടുതല്‍ എന്ന് സരസ്വതീദേവി ഭര്‍ത്താവായ ബ്രഹ്മാവിനോട് ചോദിച്ചു. ലക്ഷ്മീദേവിയാണ് എന്ന ഹിതകരമല്ലാത്ത മറുപടി ഭര്‍ത്താവില്‍നിന്ന് ഉണ്ടായതിനെത്തുടര്‍ന്ന് ദേവി ഭര്‍ത്താവിനെ വിട്ട് ഇറങ്ങിത്തിരിച്ചു. താന്‍ നടത്തുന്ന മഹായജ്ഞം വിധിയാംവണ്ണം പൂര്‍ത്തിയാക്കാന്‍ പത്‌നിയുടെ സാന്നിദ്ധ്യം വേണ്ടതുകൊണ്ട് ദേവിയോട് മടങ്ങിവരാന്‍ ബ്രഹ്മാവ് അഭ്യര്‍ത്ഥിച്ചു. ദേവി അനുസരിച്ചില്ല. വാശിക്കാരനായ ബ്രഹ്മാവ് യജ്ഞകര്‍മ്മങ്ങള്‍ തനിയെ തുടര്‍ന്നു. ദേവി നിരവധി വിഘ്‌നങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും മഹാവിഷ്ണുവിന്റെ സഹായത്തോടെ ബ്രഹ്മാവ് അതെല്ലാം തരണം ചെയ്തു. വിഷ്ണു പലരൂപങ്ങളില്‍ എത്തി സഹായിച്ചു. യജ്ഞസ്ഥലത്താകെ ദേവി ഇരുള്‍ പരത്തി. വിഷ്ണു അവിടെ പ്രത്യക്ഷപ്പെട്ടു. ആ പ്രകാശത്തില്‍ ഇരുള്‍ അലിഞ്ഞു. സര്‍വ്വസംരക്ഷകനായ ഈശ്വരന്റെ സാന്നിദ്ധ്യം ഉണ്ടായാല്‍ മറ്റാര് ശ്രമിച്ചാലും ഇരുള്‍ വ്യാപിപ്പിക്കാനാവില്ലെന്ന് ദേവി മനസ്സിലാക്കി. ഇവിടുത്തെ ദീപപ്രകാശ ദേവന്റെ പ്രതിഷ്ഠയ്ക്ക് ഇരുവശങ്ങളിലുമായി പത്‌നിമാരായ ശ്രീദേവിയും ഭൂദേവിയും ഉണ്ട്. ഭഗവാന്റെ ദേവി മരതകവല്ലി തായാര്‍ എന്നറിയപ്പെടുന്നു. കവി വേദാന്തദേശികരുടെ അമ്മ ഒരു കുഞ്ഞിനായി ഇവിടുത്തെ ഭഗവാനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ തിരുപ്പതി ദേവന്‍ തന്റെ കയ്യിലുണ്ടായിരുന്ന മണി ആ അമ്മയുടെ കുഞ്ഞ് ആകട്ടെ എന്ന് അനുഗ്രഹിച്ചു. ഇക്കാരണത്താല്‍ പൂജാവേളകളില്‍ തിരുപ്പതി ക്ഷേത്രത്തില്‍ മണി അടിക്കാറില്ലത്രെ. വിളക്കൊളി പെരുമാള്‍ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത് വേദാന്തദേശികരുടെ പുത്രനും പണ്ഡിതനുമായ നയിനവരദാചാരിയത്രെ. ഇവിടുത്തെ ദേവീക്ഷേത്രത്തിന് തൊട്ടടുത്ത ശ്രീകോവിലിലാണ് ദേശികരുടെ പ്രതിഷ്ഠ. ലക്ഷ്മി ഹയഗ്രീവസ്വാമി, ആണ്ടാല്‍, ആള്‍വാഴ്മാര്‍ എന്നിവരുടെ ഉപപ്രതിഷ്ഠകളുമുണ്ട് ക്ഷേത്രത്തില്‍. വിദ്യാലബ്ധിക്കും സന്താനലാഭത്തിനും ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥിക്കുന്നു. വൈശാഖമാസത്തിലാ (തമിഴ്മാസമായ വൈകാശി-മെയ്-ജൂണ്‍)ണ് പ്രധാന ഉത്സവം. അന്ന് കാഞ്ചി വരദരാജ പെരുമാള്‍ ഗരുഡവാഹനത്തില്‍ എഴുന്നള്ളി ദേശികര്‍ക്ക് ദര്‍ശനം നല്‍കാന്‍ എത്തുന്നു. ആവണി മാസത്തില്‍ (ആഗസ്റ്റ്-സെപ്തംബര്‍) വിളക്കൊളി പെരുമാള്‍ ദേശികദര്‍ശനം നടത്തുന്നു. മാര്‍ഗഴി മാസത്തിലും (ഡിസംബര്‍-ജനുവരി) ചിത്രാപൗര്‍ണമി ദിവസവും (ഏപ്രില്‍-മെയ്) വരദരാജ പെരുമാള്‍ ദേശികരെ ദര്‍ശിച്ച് ആദരിക്കാനെത്തുന്നു. തീര്‍ത്ഥക്കുളം സരസ്വതീതീര്‍ത്ഥം എന്നാണ് അറിയപ്പെടുന്നത്. ദര്‍ഭപ്പുല്‍ കാടുകളാണ് ക്ഷേത്രത്തിന് ചുറ്റും. രാവിലെ 7.30, 10.30 വൈകിട്ട് 5 മണി 7 മണി സമയങ്ങളിലായി നാലു പൂജകളാണ് ഇവിടെ. രാവിലെ 7.30 ന് തുറന്ന് 10 മണിക്ക് നട അടയ്ക്കും. വൈകിട്ട് 5 ന് തുറന്ന് 7 ന് അടയ്ക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.