ശമ്പള പരിഷ്‌കരണം: കെല്‍ട്രോണ്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Monday 23 October 2017 7:54 pm IST

കണ്ണൂര്‍: കെല്‍ട്രോണ്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കരാറിന്റെ കാലാവധി 2012 ഏപ്രില്‍ 30ന് അവസാനിച്ചിട്ടും പുതിയ ശമ്പളസ്‌കെയില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. ഒരു ശമ്പള പരിഷ്‌കരണ കരാറിന്റെ കലാവധി നാല് വര്‍ഷമാണ്. അതുപ്രകാരം 2016 ഏപ്രില്‍ മാസത്തിന് മുമ്പേ പുതുക്കി നിശ്ചയിച്ച ശമ്പളം നടപ്പിലാക്കേണ്ടതാണ്. എന്നാല്‍ കരാറിന്റെ കലാവധി ഇപ്പോള്‍ അറുപത്തിയാറ് മാസം പിന്നിട്ടിരിക്കുകയാണ്. രണ്ടാമതൊരു കരാറിന്റെ ചര്‍ച്ച ആരംഭിക്കേണ്ട സമയമാണിത്. എന്നിട്ടുപോലും കൃത്യമായി ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. ട്രെയ്ഡ് യൂണിയനുകള്‍ സംയുക്തമായി നിരവധി പ്രക്ഷോഭ സമരങ്ങള്‍ നടത്തിയതിന്റെ ഫലമായി ഇടതു സര്‍ക്കാര്‍ നാമമാത്രമായതോതിലുള്ള ഒരു പരിഷ്‌കരണ കരാര്‍ 2017 സപ്തംബര്‍ 27ലെ കാബിനറ്റ് യോഗത്തില്‍ പാസാക്കിയിരുന്നു. എത്ര ശതമാനമാണ് വര്‍ദ്ധനവെന്നും ഈ ശമ്പള പരിഷ്‌കരണ കരാറില്‍ പറഞ്ഞ വസ്തുതകള്‍ എന്താണെന്നും ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കെഎസ്ഇഡിഎല്‍ എംഡിക്കോ, കോര്‍പ്പറേഷന്‍ ചെയര്‍മാനോ ഇത് സംബന്ധിച്ച ഒരു വിവരവും ഇല്ല എന്നതാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പറയുന്നത്. ശമ്പള പരിഷ്‌കരണം നടത്താത്തതിനാല്‍ അര്‍ഹതപ്പെട്ട തൊഴിലാളികള്‍ കണ്ണീരോടെയാണ് സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞുപോകുന്നത്. കെല്‍ട്രോണ്‍ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം ക്യാബിനറ്റ് പാസ്സാക്കി ഒരു മാസം കഴിഞ്ഞിട്ടും ഇത് പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാരോ മാനേജ്‌മെന്റോ തയ്യാറാകാത്ത നടപടിയില്‍ കണ്ണൂര്‍ കെല്‍ട്രോണ്‍ യൂണിറ്റിലെ മൂന്ന് അംഗീകൃത സംഘടനകള്‍ പ്രതിഷേധത്തിലാണ്. നിയമപ്രകാരം പുതുക്കി നിശ്ചയിച്ച ശമ്പളം ഒക്‌ടോബര്‍ മാസം തന്നെ ലഭിക്കാത്തതിനാല്‍ സംഘടനകള്‍ അതിശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. കെല്‍ട്രോണിലെ ഏറ്റവും വലിയ സംഘടന എന്നാണ് ഭരണതലത്തില്‍ അവകാശപ്പെടുന്ന എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു)വിന്റെ അഖിലേന്ത്യാ പ്രസിഡണ്ടായ എം.വി.വിജയരാജന്‍ ഭരണതലത്തില്‍ സുപ്രധാന സ്ഥാനത്തിരിക്കുമ്പോഴാണ് കാബിനറ്റ് പാസ്സാക്കിയ തീരുമാനം പോലും നടപ്പിലാക്കാന്‍ സാധിക്കാതെ കെല്‍ട്രോണ്‍ തൊഴിലാളികള്‍ക്ക് ദുരവസ്ഥ അനുഭവിക്കേണ്ടിവരുന്നത്.