ഓക്കിലൂടെ താജ്‌മഹലിനെ നോക്കുമ്പോള്‍

Monday 23 October 2017 8:08 pm IST

താജ്‌മഹല്‍ ജാതിമതഭേദമെന്യേ ഓരോ ഭാരതീയന്റെയും സ്വകാര്യഅഹങ്കാരം തന്നെയാണ്. ഇതിന്റെ ചരിത്രത്തെ സംബന്ധിച്ച് അടുത്തകാലത്ത് ചില രാഷ്ട്രീയനേതാക്കള്‍ ചില പ്രസ്താവനകള്‍ നടത്തി. പതിവുപോലെ ന്യൂനപക്ഷകാര്‍ഡ് ഉയര്‍ത്തി മാധ്യമങ്ങളും രംഗത്തുവന്നു. സാധാരണഗതിയില്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന, മൂടിവയ്ക്കപ്പെടുന്ന വിഷയം പുറത്തുകൊണ്ടുവരാനാണ് ബഹളംവയ്ക്കുന്നത്. ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന ചരിത്രവുമുണ്ട്. പക്ഷേ താജ്മഹലിന്റെ കാര്യത്തില്‍ വസ്തുത പുറത്തുവരരുതെന്ന അജണ്ടയാണ് കാണാന്‍ കഴിയുന്നത്. നിഷ്പക്ഷമായി ചരിത്രം പരിശോധിക്കാന്‍ ആവശ്യപ്പെട്ടാലോ ശ്രമിച്ചാലോ അത് ഭരണകൂടഭീകരതയും ഹൈന്ദവവത്കരണവുമാകും! പ്രത്യേകിച്ചും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍. താജ്‌മഹല്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചരിത്രഗവേഷകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പുരുഷോത്തമ നാഗേഷ് ഓക്ക് ഉന്നയിച്ച ഒരുപിടി ചോദ്യങ്ങളുണ്ട്. അവയ്ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രൊഫ.പി.എന്‍.ഒക്ക് നിറഞ്ഞിരിക്കുകയാണ്. പ്രൊഫ.ഓക്ക്. തന്റെ ഗവേഷണപുസ്തകമായ 'താജ് മഹല്‍-ദി ട്രൂ സ്റ്റോറി'യില്‍ താജ് ശിവക്ഷേത്രമാണെന്ന് സമര്‍ഥിക്കുന്നു. 2009-ല്‍ അവസാന പതിപ്പിറങ്ങിയ 'ദി താജ്മഹല്‍ ഈസ് തേജോ മഹാലയ, എ ശിവ ടെമ്പിള്‍' എന്ന പുസ്തകം നിരവധിപേര്‍ ഗവേഷണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. താജ്മഹലിനെ സംബന്ധിച്ച സംശയം ദൂരീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓക്ക് നല്‍കിയ ഹര്‍ജി 2000 ല്‍ സുപ്രീംകോടതി തള്ളി. 2007 ല്‍ ഓക്ക് അന്തരിച്ചെങ്കിലും അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ സമൂഹത്തില്‍ ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ തെളിവാണ് വര്‍ത്തമാനകാല സംഭവങ്ങള്‍. ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിലെ സായുധവിപ്ലവത്തിന് നേതൃത്വം നല്‍കിയ സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ രേഖകള്‍ സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായിട്ടും പുറത്തുവിടാതെ സര്‍ക്കാരുകള്‍ മൂടിവച്ചപ്പോള്‍ മോദി അതു പുറത്തുവിട്ടു. ചരിത്രസത്യങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും പുറത്തുവരും. പുതുതലമുറയ്ക്ക് അറിയാനുള്ള അവകാശം നിഷേധിക്കലാണ് താത്കാലിക മൂടിവയ്പ്പിലൂടെ സംഭവിക്കുന്നത്. താജ്മഹല്‍ മുസ്ലിം ശവകുടീരം അല്ലെന്നും, ഷാജഹാന്‍ അന്നത്തെ ജയ്പൂര്‍ മഹാരാജാവിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തത് മഹാദേവക്ഷേത്രമായ തേജോമഹല്‍ ആണെന്ന് ഓക്ക് തെളിവുസഹിതം സമര്‍ഥിക്കുന്നു. മനോഹര ശവകുടീരം മാത്രമായിരുന്നു ഷാജഹാന്‍ വിഭാവനം ചെയ്തതെങ്കില്‍ എന്തിന് 'മഹല്‍', 'കൊട്ടാരം' എന്നര്‍ഥം വരുന്ന പേര് നിര്‍ദേശിച്ചെന്ന ഓക്കിന്റെ ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. മഹല്‍ എന്ന വാക്ക് ഒരു മുസ്ലിം രാജ്യത്തും ഉപയോഗിച്ചിട്ടില്ല. മുംതാസ് മഹല്‍ എന്ന വാക്കില്‍ നിന്നാണ് താജ്മഹല്‍ ഉണ്ടായതെന്ന വാദത്തെയും ഓക്ക് തള്ളിക്കളയുന്നു. തന്റെ പത്നിയുടെ പേരിനോട് സാമ്യം വേണമായിരുന്നു എങ്കില്‍ പേരിന്റെ ആദ്യാക്ഷരമായ 'മും', അല്ലെങ്കില്‍ മുംതാസ് അല്‍ സമാനി എന്ന മുഴുവന്‍ പേരിനു സമാനമായ എന്തെങ്കിലും ശബ്ദം വരുന്ന പദമായിരിക്കണം ഷാജഹാന്‍ സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. പ്രശസ്ത പാശ്ചാത്യ ആര്‍കിടെക്റ്റുമാരായ ഏണസ്റ്റ് ബിന്‍ഫീല്‍ഡ് ഹാവേല്‍, കെനോയര്‍, വില്യം വില്‍സണ്‍ ഹണ്‍ടര്‍ എന്നിവര്‍ താജ്മഹല്‍ ഹിന്ദുക്ഷേത്രശൈലിയില്‍ നിര്‍മിച്ച കെട്ടിടമാണെന്നും, ഇന്തോനേഷ്യയിലെ ജാവാദ്വീപിലുള്ള ഹിന്ദുക്ഷേത്രങ്ങളുടെ ആകൃതിയാണ് താജിനുള്ളതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലിഖിതങ്ങളുടെ ചുവടുപിടിച്ചാണ് ഓക്ക് തന്റെ വാദഗതികള്‍ സമര്‍ഥിക്കുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിലേതുപോലെ ക്ഷേത്രത്തിന്റെ വാസ്തുശാസ്ത്രം അനുസരിച്ചുള്ള നാലുവാതിലുകളാണ് താജ്മഹലിലും ഉള്ളത്. ഹിന്ദുക്ഷേത്രത്തിലേതുപോലെ കിഴക്കോട്ടാണ് താജ്മഹലിന്റെ ദര്‍ശനം. മുസ്ലിം മതപ്രകാരമാണെങ്കില്‍ മക്കയെ നോക്കിയാകണം താജിന്റെ ദര്‍ശനം. ലോകത്തെ എല്ലാ മുസ്ലിം ദേവാലയങ്ങളും കെട്ടിടങ്ങളും മക്കയെ ദര്‍ശനമാക്കുംവിധമാണ് നിര്‍മിച്ചിരിക്കുന്നത്. ഹൈന്ദവചിഹ്നങ്ങളായ പൂര്‍ണകുംഭം, കൂവള ഇല, ത്രിശൂലം, ഓം, നാഗങ്ങള്‍ എന്നിങ്ങനെയുള്ള ഒട്ടേറെ രൂപങ്ങള്‍ താജ്മഹലിന്റെ പലയിടത്തും കാണാം. താജ്മഹലിന്റെ പ്രധാന മകുടത്തിനു മുകളിലെ ലോഹചിഹ്നം കുടത്തിനു മുകളിലെ നാളികേരവും താമരമൊട്ടുമാണ്. താജ്മഹലിന്റേത് അഷ്ടകോണാകൃതിയാണ്. ഹൈന്ദവ ക്ഷേത്രങ്ങളുടെ നിര്‍മിതിയും അഷ്ടകോണ്‍ ആകൃതിയിലാണ്. അഷ്ടദിക്പാലകരെ ആരാധിക്കുന്ന ഹിന്ദുവിശ്വാസത്തിന് അനുസരിച്ചാണ് ക്ഷേത്രങ്ങള്‍ക്ക് എട്ട് കോണുകകള്‍ നല്‍കിവരുന്നത്. താജ്മഹലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളെ വസ്തുതകള്‍ നിരത്തിയാണ് ഓക്ക് എതിര്‍ക്കുന്നത്. താജ്മഹലിന്റെ മുഖ്യകവാടത്തില്‍ അമേരിക്കന്‍ ലബോറട്ടറി നടത്തിയ കാലപ്പഴക്കം നിര്‍ണയിക്കുന്ന കാര്‍ബണ്‍ പരിശോധനയില്‍ 1150 കളില്‍ പണിതതാണെന്ന് തെളിയിക്കപ്പെട്ടു. അതായത് താജ്മഹല്‍ പണിതത് ഷാജഹാന്‍ ജീവിച്ചിരുന്നതിനെക്കാള്‍ 500 വര്‍ഷം മുമ്പ്. മുംതാസ് മരിക്കുന്നത് 1631 ലാണ്. തുടര്‍ന്ന് നീണ്ട 22 വര്‍ഷമെടുത്തു മുംതാസിന്റെ ശവകുടീരം നിര്‍മിക്കാന്‍. അതായത് 1653 ല്‍ പണി പൂര്‍ത്തിയായി. എന്നാല്‍ 1652 ല്‍ ഔറംഗസീബ് ഷാജഹാന് എഴുതിയ കത്തില്‍ മുംതാസിന്റെ ശവകുടീരത്തിന്റെ താഴികക്കുടത്തിനും വാതിലിനും കേടുപാടുകള്‍ വന്നതായും, ചില ഇടങ്ങളില്‍ വിള്ളലുകള്‍ വീണതായും ഇത് എത്രയും വേഗം ശരിയാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പണി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ പുതിയ വാതിലുകള്‍ക്കും താഴികക്കുടത്തിനും അറ്റകുറ്റപ്പണി നടത്തുന്ന തരത്തില്‍ കേടുപാടു സംഭവിച്ചോ എന്ന ഓക്കിന്റെ ചോദ്യം ഇന്നും ഉത്തരം കിട്ടാതെ മുഴങ്ങുന്നു. താജ്മഹലിന്റെ നിര്‍മാണത്തെ സംബന്ധിച്ചുള്ള ഒരു വിവരവും ഷാജഹാന്റെയോ ഔറംഗസീബിന്റെയോ ഔദ്യോഗികചരിത്രരേഖകളില്‍ ഇല്ലത്രെ. രേഖകളിലൊന്നും താജ്മഹല്‍ എന്നൊരു പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നീണ്ട 22 വര്‍ഷം വിദേശരാജ്യങ്ങളായ ബുഖാറ, സിറിയ, പേര്‍ഷ്യ, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ ശില്‍പികളുടെ നേതൃത്വത്തില്‍ 22,000 പേരുചേര്‍ന്ന് നിര്‍മിച്ചതാണെന്ന് പറയപ്പെടുന്ന ചരിത്രം എവിടെയും എഴുതിവയ്ക്കപ്പെട്ടിട്ടില്ല. ഇത് കഥകളായാണ് പ്രചരിക്കുന്നത്. കഥകള്‍ സത്യമാകണമെന്നില്ല. എന്നാല്‍ ഷാജഹാന്റെതന്നെ പുരാവൃത്തമായ ബാദ്ഷാനാമയില്‍ ജയ്പൂര്‍ രാജാവായ ജയസിങ്ങില്‍ നിന്ന് മുംതാസിന്റെ ശവകുടീരത്തിനായി വലിയ താഴികക്കുടമുള്ള കെട്ടിടം പിടിച്ചെടുത്തെന്ന് ലിഖിതമുണ്ടെന്നും ഓക്ക് പറയുന്നു. മുംതാസിന്റെ ശവകുടീരത്തിനു മുകളിലായി ജലം ധാരയായി വീഴുന്നു. ശിവക്ഷേത്രങ്ങളില്‍ ശിവലിംഗത്തില്‍ ജലധാരയ്ക്ക് സമാനമാണ് ഇത്. തേജോമഹല്‍ ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണി നടത്തി താജ്മഹലാക്കുന്നതിന്റെ ഭാഗമായി മൂലവിഗ്രഹം തല്‍സ്ഥാനത്തുനിന്ന് മാറ്റി അവിടെ ശവകുടീരം പണിതതാകാം. മുംതാസിന്റെ ശരീരം അടക്കിയിരിക്കുന്നെന്ന് പറഞ്ഞിട്ടുള്ള കല്ലറയ്ക്കുസമീപം വെറുതെ കിടക്കുന്ന ഒരിടം കല്ലറയ്ക്കുവേണ്ടി ഒഴിച്ചുവച്ചതുപോലെയാണ്. താജിന്റെ അറ്റകുറ്റപ്പണിക്കെത്തിയ പലരും ശിവലിംഗമടക്കമുള്ള പല രൂപങ്ങള്‍ താജ്മഹലില്‍ ഇന്നും അടച്ചിട്ടിരിക്കുന്ന മുറികളില്‍ കണ്ടിട്ടുണ്ടെന്ന് തന്നോട് വെളിപ്പെടുത്തിയതായും ഓക്ക് പറയുന്നു. നൂറില്‍പരം തെളിവുകളാണ് താജ്മഹല്‍ ശിവക്ഷേത്രമാണെന്ന വാദത്തിനായി ഓക്ക് നിരത്തുന്നത്. താജ്മഹലില്‍ സീല്‍ ചെയ്ത് അടച്ചിട്ടിരിക്കുന്ന മുറികള്‍ തുറന്നു പരിശോധിച്ച് സത്യം ലോകത്തിനു മുന്നില്‍ കൊണ്ടുവന്നാല്‍ ഏക്കാലവും മാതൃകയായിരിക്കും. ഇതിനുവേണ്ട സാഹചര്യം ഒരുക്കുകയാണ് സമൂഹം ചെയ്യേണ്ടത്. പി.എന്‍. ഓക്ക് എന്ന ചരിത്രഗവേഷകന്‍ നമുക്ക് മുന്നില്‍ ഉയര്‍ത്തിയ ചോദ്യങ്ങളുടെ ചുരുള്‍ അഴിയേണ്ടതുണ്ട്. അത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.