കേരളത്തില്‍ പാക് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

Tuesday 24 October 2017 9:06 am IST

കൊച്ചി: ഏതാനും വര്‍ഷങ്ങളായി കേരളത്തിലേക്കുള്ള പാക്കിസ്ഥാനി സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് ടുറിസം വകുപ്പിന്റെ കണക്ക്. സിറിയ, ഇറാക്ക്, അഫ്ഗാ നിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. വിനോദസഞ്ചാര മേഖലയിലെ ഉണര്‍വാണ് ഇതിന് പിന്നിലെന്നാണ് ടുറിസം വകുപ്പ് ചുണ്ടിക്കാട്ടുന്നത്. എന്നാല്‍ പാക്കിസ്ഥാനടക്കമുള്ള സന്ദര്‍ശകരില്‍ ഏറെയും കൊച്ചി കേന്ദ്രീകരിച്ചുള്ളതാണെന്നത് ദേശരക്ഷാ വിഭാഗം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. 2010-15ല്‍ 100ല്‍ താഴെ മാത്രം പാക്കിസ്ഥാന്‍ സഞ്ചാരികളാണ് കേരള സന്ദര്‍ശനത്തിനെത്തിയത്. 2016ല്‍ 128 സഞ്ചാരികളായി വര്‍ധിച്ചു. ഇതില്‍ 94 പേര്‍ കൊച്ചിയിലാണ് എത്തിയത്. ഇതേ വര്‍ഷം സിറിയയില്‍ നിന്ന് 935 പേരും ഇറാക്കില്‍ നിന്ന് 629 പേരും, അഫ്ഗാനിസ്ഥാനില്‍ നിന്ന് 575 പേരും കേരള സന്ദര്‍ശനം നടത്തി. 2015ല്‍ 4900 ചൈനാക്കാര്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ 2016 ലിത് 6200 ല്‍ കൂടുതലാണ്. ഇതില്‍ 70 ശതമാനവും കൊച്ചിയിലാണ്. ദക്ഷിണ നാവിക കമാന്‍ഡിന്റെ നാവിക പരിശീലന കേന്ദ്രമായ ഐ.എന്‍.എസ്. ദ്രോണാചാര്യ, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കൊച്ചി മേജര്‍ തുറമുഖം, അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍, കൊച്ചി റിഫൈനറി, സ്മാര്‍ട്ട് സിറ്റി വ്യവസായ നഗരി, എല്‍.എന്‍.ജി ടെര്‍മിനല്‍ തുടങ്ങി ഏറെ നിര്‍ണായക കേന്ദ്രങ്ങളാണ് കൊച്ചിയിലുള്ളത്. കരകൗശല വിപണിയുമായി ബന്ധപ്പെട്ട് കാശ്മീരികളുടെയും ബംഗാളികളുടെയും സാന്നിധ്യവും സംസ്ഥാനത്ത് ഏറെയുള്ളത് കൊച്ചിയിലാണെന്നതും കണ്ടില്ലെന്ന് നടിക്കാനാവില്ല.