ഐഎസിന്റേത് 65,000 കോടിയുടെ സാമ്രാജ്യം

Monday 23 October 2017 9:37 pm IST

ബാഗ്ദാദ്: ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള പ്രദേശം (തമിഴ്‌നാടിന്റെ വലിപ്പം) അധീനതയില്‍. നൂറു കോടി ഡോളര്‍ (65,000 കോടി രൂപ) സ്വത്ത്. പ്രതാപ കാലത്ത് ഐഎസ് എന്ന ഭീകരസംഘടനയുടെ അവസ്ഥയായിരുന്നു ഇത്. എന്നാല്‍ ശക്തമായ സൈനിക നീക്കങ്ങളും യുദ്ധവും ഇന്ന് ഐഎസിനെ ഏറെക്കുറെ നാമാവശേഷമാക്കിയിരിക്കുന്നു. സിറിയയിലെ റാഖ സൈന്യം പിടിച്ചതോടെ ഐഎസിന്റെ തകര്‍ച്ച ഏറെക്കുറെ പൂര്‍ണ്ണമായി. ഇറാഖിലെ മൊസൂളിലെ പത്തു ശതമാനം പ്രദേശം മാത്രമാണ് ഇന്ന് അവരുടെ കൈവശമുള്ളത്. 2014 ജൂണ്‍ 29നാണ് അബുബക്കര്‍ അല്‍ ബാഗ്ദാദി ഇറാഖിന്റെ വലിയൊരു ഭാഗം പിടിച്ചെടുത്ത് മൊസൂളില്‍ വച്ച് സ്വയം ഖലീഫയായി പ്രഖ്യാപിച്ചത്. സിറിയയും ഇറാഖും ചേര്‍ത്തുള്ള പ്രദേശം ശരീയത്ത് നിയമം പ്രാബല്യത്തിലുള്ള തന്റെ സാമ്രാജ്യമായും ഇയാള്‍ പ്രഖ്യാപിച്ചു. ലോകത്തെമ്പാടും നിന്ന് യുവാക്കളെ ആകര്‍ഷിച്ച് ഐഎസില്‍ ചേര്‍ത്തു. കേരളത്തില്‍ നിന്നുപോലും ഇരുപത്തിലണ്ടിലേറെ യുവാക്കളാണ് ഐഎസില്‍ ചേര്‍ന്നത്. ഇവരില്‍ പലരും യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇറാഖിന്റെയും സിറിയയുടെയും മറ്റും സൈന്യത്തെ തോല്‍പ്പിച്ചാണ് അവര്‍ തമിഴ്‌നാടിന്റെ വലിപ്പമുള്ള പ്രദേശം കൈപ്പിടിയിലാക്കിയത്. ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന അവരുടെ സാമ്രാജ്യം വെറും 45,377 ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങി. ഇപ്പോള്‍ വീണ്ടും കുറഞ്ഞു.