കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

Monday 23 October 2017 9:32 pm IST

കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ കാഞ്ഞങ്ങാട്ട് അനുവദിച്ച കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോമ്പൗണ്ടില്‍ എട്ടരക്കോടി രൂപ ചെലവില്‍ മൂന്ന് നിലകളോട് കൂടിയ ആശുപത്രി സമുച്ചയം നിര്‍മ്മിക്കാനായിരുന്നു പദ്ധതിയിട്ടത്. 2013ല്‍ 3.6 കോടി രൂപയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്. പിന്നീടത് 5.6 കോടി രൂപയായി വര്‍ധിപ്പിച്ചു. ആശുപത്രി നിര്‍മ്മാണത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ അനുവദിച്ച അഞ്ചരക്കോടി രൂപ മുന്‍കൂറായി പൊതുമരാമത്ത് വകുപ്പില്‍ കെട്ടിവെക്കുകയും ചെയ്തു. പിന്നീട് മൂന്നുകോടി രൂപ കൂടി അധികമായി അനുവദിച്ചിട്ടുണ്ടെന്നാണ് ജില്ലാ ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. തുക അനുവദിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിന്റെ നിര്‍മ്മാണത്തിനുള്ള നടപടികളൊന്നും ആരംഭിച്ചിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ഞങ്ങാട്ട് ഈ ആശുപത്രി സമുച്ചയം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗം കണ്ടെത്താനും ചികിത്സിക്കാനും വിദേശ രാജ്യങ്ങളെപ്പോലും വെല്ലുന്ന അത്യാധുനിക ഉപകരണങ്ങള്‍ ഈ ആശുപത്രിയില്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പണിയാനുള്ള സൗകര്യം നിര്‍ദ്ദിഷ്ട സ്ഥലത്ത് ഉണ്ട് എന്നുള്ളതിനാല്‍ മറ്റു ചികിത്സാ വിഭാഗങ്ങളും ഇവിടെ ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന മുന്‍ ധാരണയും ആരോഗ്യവകുപ്പിനുണ്ട്. നഗരമധ്യത്തിലാണ് ആശുപത്രി പണിയുക എന്നുള്ളതിനാല്‍ രോഗികള്‍ക്കും മറ്റും ഇവിടേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനും കഴിയും. ആശുപത്രി സമുച്ചയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കോമ്പൗണ്ടിലുള്ള മരങ്ങളും പഴയ ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സുകളും പൊളിച്ചുമാറ്റിയാല്‍ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയൂ. മരം മുറിച്ചു മാറ്റാന്‍ പല തവണ ടെണ്ടര്‍ വിളിച്ചുവെങ്കിലും തുക കുറവായതിനാല്‍ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഇതിനായി 1.75ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. ഏറ്റവും ഒടുവിലിപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടിയ വിലക്ക് മരം മുറിച്ചു മാറ്റിയെങ്കിലും പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. ഈ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഒരുലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ ഈ തുകക്ക് കരാറെറ്റെടുത്താല്‍ ഇതിന്റെ പകുതി തുക പോലും പൊളിച്ചുമാറ്റിയ കെട്ടിടത്തില്‍ നിന്ന് ലഭിക്കില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. ഇതിനകം പലവട്ടം ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും തന്നെ കരാറെടുക്കാന്‍ തയ്യാറാകുന്നില്ല. കരാര്‍ തുക വര്‍ധിപ്പിക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിന് ഇല്ലാത്തതിനാല്‍ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങളായി കാത്തിരിക്കുകയാണ്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാല്‍ ഉടന്‍ തന്നെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ദിനേശ്കുമാര്‍ പറഞ്ഞു. പണം ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും കെട്ടിടം പൊളിക്കാന്‍ നീക്കിവെച്ച ഒരുലക്ഷം രൂപയുടെ കുരുക്കില്‍ കുടുങ്ങി എട്ടരക്കോടിയോളം രൂപ പൊതുമരാമത്ത് വകുപ്പിന്റെ ഖജനാവില്‍ കുടുങ്ങി കിടക്കുകയാണ്. സര്‍ക്കാര്‍ കെട്ടിടം പൊളിക്കാനുള്ള തുക വര്‍ധിപ്പിച്ചാല്‍ എത്രയും പെട്ടെന്ന് ആശുപത്രി സമുച്ചയം യാഥാര്‍ത്ഥ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.