നഗരസഭയ്‌ക്കെതിരെ പ്രതിപക്ഷം നിയമനടപടിക്ക്

Monday 23 October 2017 9:35 pm IST

നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ ക്രമവിരുദ്ധമായ ഭരണത്തിനെതിരെ പ്രതിപക്ഷം നിയമ നടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലെടുത്ത നടപടിയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഭിന്നാഭിപ്രായ കുറിപ്പ് നല്‍കിയത്. കൗണ്‍സിലിലെ 20, 21, 24 അജണ്ടകളിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് നല്‍കിയത്. പൊതുജനങ്ങളുടെ രക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങളില്‍ മാത്രമേ ചെയര്‍ന്മാന് മുന്‍കൂര്‍ അനുമതി നല്‍കാന്‍ പാടുള്ളുവെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. ഈ നിര്‍ദ്ദേശം പാടെ ലംഘിച്ചു കൊണ്ട് തൊട്ടതിനൊക്കെ മുന്‍കൂര്‍ അനുമതി നല്‍കുന്നതിനെതിരെയാണ് പ്രതിപക്ഷം നിയമനടപടിക്കൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം മൂന്നുകാര്യങ്ങള്‍ക്കാണ് ചെയര്‍മാന്റെ മുന്‍കൂര്‍ അനുമതിയോടെ കൗണ്‍സില്‍ അഗീകാരം നല്‍കിയത്. നഗരസഭാ ചെയര്‍മാന് ഔദ്യോഗിക ആവശ്യത്തിന് വാഹനം വാങ്ങുന്നതിന് കാസര്‍കോട് നെക്‌സാ ഷോറൂമിന് 977487 രൂപ നല്‍കുന്നതിനും മുനിസിപ്പാലിറ്റിയിലേക്ക് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ മൂന്ന് സിവില്‍ ട്രേഡ് അപ്രന്റീസുമാരെ നിയമിക്കുന്നതിനും, ചെയര്‍മാന്റെ വാഹനത്തിന്റെ കേടുപാട് പരിഹരിച്ച വാഹനം ലഭ്യമാകുന്നത് വരെ പകരം വാഹനം വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നതിന് തുക അനുവദിക്കുന്നതിനുമാണ് മുന്‍കൂര്‍ അനുമതി നല്‍കിയിരിക്കുന്നത്. മുന്‍സിപ്പല്‍ ആക്ട് 15 നാലാം ഉപവകുപ്പ് പ്രകാരം ഈ മൂന്ന് അജണ്ടകളും പാസ്സാക്കിയത്. ക്രമവിരുദ്ധമാമെന്ന് ആരോപിച്ചാണ് പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചത്. യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ തന്നെ വിയോജനക്കുറിപ്പ് ചെയര്‍മാനു നല്‍കി. പിന്നീട് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നേരിട്ടും വിയോജനക്കുറിപ്പ് നല്‍കി. ചെയര്‍മാന്റെ നിയമവിരുദ്ധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.