ഗുജറാത്ത് സര്‍ക്കാര്‍ അനധികൃതമായി സഹായിച്ചിട്ടില്ലെന്ന് തെര. കമ്മീഷണര്‍

Monday 23 October 2017 9:41 pm IST

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ. ജ്യോതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനധികൃതമായി സഹായം നല്‍കിയെന്ന വാര്‍ത്ത നുണപ്രചാരണം ലക്ഷ്യമിട്ട്. സര്‍ക്കാരില്‍നിന്ന് വഴിവിട്ട സഹായം കൈപ്പറ്റിയിട്ടില്ലെന്ന് എ.കെ. ജ്യോതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഒരു വര്‍ഷത്തിന് ശേഷമാണ് തനിക്ക് ദല്‍ഹിയില്‍ ഔദ്യോഗിക വസതി ലഭിച്ചത്. ദീര്‍ഘകാലം ദല്‍ഹിയിലെ ഗുജറാത്ത് ഭവനില്‍ ഭാര്യക്കൊപ്പം താമസിക്കാന്‍ സാധിക്കില്ലെന്നതിനാല്‍ ദല്‍ഹിയില്‍ വസതി ലഭിക്കുന്നത് വരെ അഹമ്മദാബാദിലെ വസതിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് കണക്ക് പ്രകാരമുള്ള വാടകയും നല്‍കിയിട്ടുണ്ട്. 2016 ഒക്ടോബറില്‍ ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ വസതി അനുവദിച്ചയുടന്‍ അഹമ്മദാബാദിലെ വസതി ഒഴിഞ്ഞു. ഇതിനെല്ലാം രേഖയുമുള്ളതാണ്. സര്‍ക്കാരില്‍ സ്വാധീനമുണ്ടായിരുന്നെങ്കില്‍ ദല്‍ഹിയില്‍ ഔദ്യോഗിക വസതിക്കായി ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരില്ല. അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ജ്യോതി ചീഫ് സെക്രട്ടറിയായും വിജിലന്‍സ് കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ജൂലൈയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമനം ലഭിച്ച ജ്യോതി ജൂലൈയിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. ഔദ്യോഗിക വസതി ലഭിക്കാത്തതിനാല്‍ അഹമ്മദാബാദിലെ വസതിയില്‍ തുടരാനനുവദിക്കുക മാത്രമാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെയ്തത്. ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഇത് പതിവുള്ളതുമാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കാത്തത് ബിജെപിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് 'ദ വയര്‍' എന്ന ഇടത് വെബ്‌സൈറ്റ് വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഐപിഎസ് ഓഫീസറായ സതീഷ് ചന്ദ്രവര്‍മ്മയെ ഗുജറാത്ത് സര്‍ക്കാര്‍ അസമിലേക്ക് സ്ഥലംമാറ്റിയിരുന്നു. വസതി ഒഴിയണമെന്നും സര്‍ക്കാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ നിരവധി ഉദ്യോഗസ്ഥര്‍ വസതി ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വര്‍മ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഇയാള്‍ സമര്‍പ്പിച്ച രേഖകളില്‍ എ.കെ. ജ്യോതിയുടെ മാത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്ത. നേരത്തെ അമിത് ഷായുടെ മകന്‍ ജയ് ഷാ ഡയറക്ടറായ കമ്പനിക്കെതിരെ 'ദ വയര്‍' നല്‍കിയ വ്യാജവാര്‍ത്ത പൊളിഞ്ഞിരുന്നു. ഇതില്‍ നൂറ് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയ് ഷാ മനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.