ഹൈക്കമാന്റ് ഫോര്‍മുലയില്‍ വട്ടം തിരിഞ്ഞ് ഹിമാചല്‍ കോണ്‍ഗ്രസ്

Monday 23 October 2017 9:56 pm IST

ന്യൂദല്‍ഹി: മക്കള്‍ രാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് ഹിമാചല്‍ പ്രദേശ്. പലരും പതിറ്റാണ്ടുകളായി മണ്ഡലങ്ങള്‍ സ്വന്തമാക്കി വെച്ചിരിക്കുന്നു. പ്രായമാകുമ്പോള്‍ മണ്ഡലങ്ങള്‍ മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും കൈമാറും. ഹിമാചലിലെ പതിവ് രാഷ്ട്രീയത്തിന് വിലങ്ങിടാനിറങ്ങിയ കോണ്‍ഗ്രസ് ഹൈക്കമാന്റും രാഹുല്‍ഗാന്ധിയും പക്ഷേ പുലിവാല് പിടിച്ചു. ഒരു കുടുംബത്തിന് ഒരു സീറ്റ് മാത്രം എന്നതാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്. ഹൈക്കമാന്റ് തീരുമാനം നടപ്പാക്കാനാവാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടി വെയ്‌ക്കേണ്ട അവസ്ഥയാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. മുഖ്യമന്ത്രി വീരഭദ്രസിങ് അടക്കമുള്ള നേതാക്കളാണ് മണ്ഡലങ്ങള്‍ മക്കള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. വീരഭദ്രസിങ്ങിന്റെ പരമ്പരാഗത മണ്ഡലമായ ഷിംല റൂറലിലേക്ക് മകന്‍ വിക്രമാദിത്യസിങ്ങിനെയാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. പൊതുപരിപാടികളില്‍ വിക്രമാദിത്യ സിങ്ങായിരിക്കും ഷിംല റൂറലില്‍ എന്ന് മുഖ്യമന്ത്രി വീരഭദ്രസിങ് പ്രഖ്യാപിക്കുകയും ചെയ്തു. സ്വന്തം മണ്ഡലം സോലാന്‍ ജില്ലയിലെ അര്‍കിയിലേക്ക് മാറ്റിയ ശേഷമായിരുന്നു പരമ്പരാഗത മണ്ഡലം മകന് കൈമാറാന്‍ വീരഭദ്രസിങ് ശ്രമിക്കുന്നത്. അര്‍കിയിലെ വീരഭദ്രസിങിന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്റ് അംഗീകരിച്ചെങ്കിലും ഷിംല റൂറലില്‍ ഇനിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മകന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിപ്പിക്കാനുള്ള വീരഭദ്രസിങിന്റെ ശ്രമങ്ങളോട് ഹൈക്കമാന്റ് അനുകൂലമായല്ല പ്രതികരിക്കുന്നത്. മണ്ഡിയിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സംസ്ഥാന മന്ത്രി കൗള്‍സിങ് താക്കൂറിന്റെ മകള്‍ ചമ്പയ്ക്കായി മണ്ഡി സീറ്റ് മാറ്റിവെച്ചതാണ് വിവാദത്തിന് കാരണം. കൗള്‍സിങ് താക്കൂറാവട്ടെ ദരാങ് സീറ്റ് സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ മണ്ഡി സീറ്റ് ചമ്പയ്ക്ക് വിട്ടു നല്‍കാന്‍ ഇനിയും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. ഷിംല റൂറലും മണ്ഡിയും ഒഴിച്ചിട്ട് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയിട്ടുണ്ട്. 7 മണ്ഡലങ്ങളിലെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച 59 മണ്ഡലങ്ങളിലെ പട്ടികയും പ്രഖ്യാപിച്ചിരുന്നു. ഇനി ബാക്കിയുള്ള രണ്ടു മണ്ഡലങ്ങളാണ് മണ്ഡിയും ഷിംല റൂറലും. 68 അംഗ നിയമസഭയിലേക്ക് നവംബര്‍ 9നാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18നാണ് ഹിമാചല്‍, ഗുജറാത്ത് നിയമസഭകളുടെ ഫലപ്രഖ്യാപനം.