വനംവകുപ്പിന്റെ സുവര്‍ണ്ണ ഉദ്യാനം കാടുപിടിച്ച്‌ നശിക്കുന്നു

Sunday 17 July 2011 12:06 am IST

അങ്കമാലി: പ്രകൃതിയെ തൊട്ടറിയുവാനും മരങ്ങള്‍ നട്ടുവളര്‍ത്തുവാനുമുള്ള സന്ദേശം ഉയര്‍ത്തികൊണ്ട്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വനവകുപ്പ്‌ 10 ഏക്കര്‍ സ്ഥലത്ത്‌ ഒരുക്കിയിട്ടുള്ള സുവര്‍ണ്ണ ഉദ്യാനം നോക്കുവാന്‍ ആളില്ലാതെ കാടു പിടിച്ച്‌ നശിക്കുന്നു. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഉദ്ഘാടനം ചെയ്ത സുവര്‍ണ്ണ ഉദ്യാനം തെരഞ്ഞെടുപ്പിന്റേയും ഭരണമാറ്റത്തിന്റെയും പേരില്‍ ശ്രദ്ധിക്കാന്‍ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ താല്‍പ്പര്യം കാണിക്കാത്തതാണ്‌ കാട്‌ പിടിച്ച്‌ കിടക്കുവാന്‍ കാരണം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുന്ന വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഔഷധ ചെടികളെ കുറിച്ചും കാട്ടില്‍ കാണുന്ന അപൂര്‍വ്വ മരങ്ങളെകുറിച്ചും കൂടുതല്‍ അടുത്ത്‌ അറിയുവാനും ആസ്വദിക്കുവാനും വേണ്ടിയാണ്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി സൗജന്യമായി നല്‍കിയ 10 ഏക്കര്‍ സ്ഥലത്ത്‌ വനംവകുപ്പ്‌ അധികൃതര്‍ സുവര്‍ണ്ണ ഉദ്യാനം ഒരുക്കിയത്‌. കാടുപിടിച്ചു കിടക്കുന്നതുമൂലം ഈ ഉദ്യാനം ആര്‍ക്കും ഉപകാരമില്ലാത്ത അവസ്ഥയിലാണ്‌. പ്രകൃതി ശാസ്ത്രം വിജ്ഞാനപ്രദവും വിനോദപ്രദവുമായി ജനങ്ങള്‍ക്ക്‌ നല്‍കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപം വനംവകുപ്പ്‌ സുവര്‍ണ്ണ ഉദ്യാനം ഒരുക്കിയത്‌. പ്രകൃതിയുടെ ചാരുത നുകരുവാന്‍ കേരളത്തിലേക്ക്‌ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക്‌ വിമാനം ഇറങ്ങിയ ഉടന്‍ കേരളത്തിന്റെ ഹരിത ഭംഗി മനസിലാക്കുവാനും ഔഷധ ചെടികളെ കുറിച്ച്‌ പഠിക്കുവാനും ഒരുക്കിയ ഉദ്യാനം ആരാലും ശ്രദ്ധിക്കാതെ കാടുപിടിച്ചു ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി കിടക്കുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. തട്ടേക്കാട്‌ വനമേഖലയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിഗ്നല്‍ കേന്ദ്രം സ്ഥാപിക്കുന്നതിനുവേണ്ടി വനംവകുപ്പ്‌ നല്‍കിയ 5 ഏക്കര്‍ സ്ഥലത്തിന്‌ പകരമായാണ്‌ വിമാനത്താവളത്തോട്‌ ചേര്‍ന്ന്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി വനംവകുപ്പിന്‌ നല്‍കിയ 10 ഏക്കര്‍ സ്ഥലത്താണ്‌ സുവര്‍ണ്ണ ഉദ്യാനം ഒരുക്കിയിരിക്കുന്നത്‌. ഇവിടെ നിത്യഹരിതവനവും നക്ഷത്രവനവും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ ഇനം വൃക്ഷതൈകള്‍ നട്ടിട്ടുണ്ട്‌. എന്നാല്‍ ലക്ഷക്കണക്കിന്‌ രൂപ ചിലവഴിച്ച്‌ നട്ടുവളര്‍ത്തിയ വൃക്ഷതൈകള്‍ വേണ്ടവിധത്തില്‍ വളര്‍ന്ന്‌ വരുവാന്‍ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഇതിനെതിരെ പ്രക്ഷോഭം നടത്താനാണ്‌ നാട്ടുകാര്‍ ഒരുങ്ങുന്നത്‌. സുവര്‍ണ്ണ ഉദ്യാനം പൂര്‍ണ്ണതോതില്‍ ജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കുകയും എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ജലപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്താല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിനോദസഞ്ചാരികളുടെ വരവ്‌ വര്‍ദ്ധിപ്പിക്കുവാന്‍ സഹായകരമാകും. പുഴയോര കാടുകള്‍, തീരദേശ നിത്യഹരിത വനങ്ങള്‍, ബട്ടര്‍ഫ്ലൈ പാര്‍ക്ക്‌, ഉദ്യാനം, കുട്ടികളുടെ പാര്‍ക്ക്‌ എന്നിവയാണ്‌ ഇവിടെ ഒരുക്കുവാന്‍ വനംവകുപ്പ്‌ ഉദ്ദേശിക്കുന്നത്‌. എന്നാല്‍ ഇതില്‍ ഒന്നും ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. ഇവ പൂര്‍ത്തീകരിച്ച്‌ ജനങ്ങള്‍ക്ക്‌ തുറന്ന്‌ കൊടുത്താല്‍ അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട്‌ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്കും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നുപോകുന്ന യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സ്റ്റഡി ടൂറിനുവരുന്ന വിദ്യാര്‍തഥികള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും. ഇപ്പോള്‍ കാഴ്ചക്കായി ഈ പ്രദേശത്തുള്ളവര്‍ കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്‌. ഈ സുവര്‍ണ്ണ ഉദ്യാനത്തില്‍ മൂന്നോറോളം തരം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുവാനാണ്‌ വനംവകുപ്പ്‌ ലക്ഷ്യമിടുന്നത്‌. ഇതില്‍ അപൂര്‍വ്വ ഇനം വൃക്ഷങ്ങളും ഔഷധ ചെടികളും നട്ടുവളര്‍ത്തുന്നതിനും വനം വകുപ്പ്‌ ഉദ്ദേശിക്കുന്നുണ്ട്‌. മുപ്പതില്‍പരം മരങ്ങളാണ്‌ ഇവിടെ ഇപ്പോള്‍ നട്ടിരിക്കുന്നത്‌. വിവിധ ഇനം മുളകളും, കൂവളം, കുമിള്‍, അശോകം, തമ്പകം, ജാതി, കാട്ടുജാതി, ചെമ്പകം, വിവിധതരം പാലകള്‍ തുടങ്ങിയ മരങ്ങളുമാണ്‌ നട്ടുപിടിപ്പിച്ചിരിക്കുന്നത്‌. കൂടാതെ ഔഷധ സസ്യതോട്ടവും ഇവിടെ ഒരുക്കുന്നതിനും കുറഞ്ഞ നിരക്കില്‍ വൃക്ഷതൈകള്‍ ലഭ്യമാക്കുവാന്‍ നേഴ്സറി തുടങ്ങുന്നതിനും വനംവകുപ്പ്‌ പദ്ധതിയിട്ടിട്ടുണ്ട്‌. ഇവിടെ തുടങ്ങുന്ന നഴ്സറിയില്‍ ഫലവൃക്ഷതൈകളും അപൂര്‍വ്വ ഇനം സസ്യങ്ങളും നല്‍കും. ഇതിനൊടപ്പം ജന്മനക്ഷത്രമരങ്ങളുടെ തൈകളും നല്‍കുന്നതിനും വനംവകുപ്പ്‌ പദ്ധതിയിട്ടിട്ടുണ്ട്‌. ജന്മനക്ഷത്രമരങ്ങളുടെ ചുവട്ടിലിരുന്നാല്‍ പോസിറ്റീവ്‌ എനര്‍ജി ഉണ്ടാകുമെന്ന തിരിച്ചറിവാണ്‌ സുവര്‍ണ്ണ ഉദ്യാനത്തില്‍ നക്ഷത്രവനം ഒരുക്കുവാന്‍ വനംവകുപ്പ്‌ അധികൃതര്‍ തയ്യാറായത്‌. സുവര്‍ണ്ണോദ്യാനം കാണുന്നതിനും ഇവിടെ ഉല്ലസിക്കുന്നതിനും എത്തുന്നവര്‍ക്ക്‌ ഇരുന്ന്‌ വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങളും മുളകൊണ്ട്‌ ഉണ്ടാക്കുന്ന കുടിലുകളും നിര്‍മ്മിക്കുന്നതിനും വനം വകുപ്പ്‌ ലക്ഷ്യമിടുന്നുണ്ട്‌. സുവര്‍ണ്ണ ഉദ്യാന പദ്ധതിയുടെ ഭാഗമായി ഇവിടെ വനംവകുപ്പ്‌ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്‌ നിര്‍മ്മിച്ചെങ്കിലും ഉദ്യോഗസ്ഥരും മറ്റുമില്ലാതെ ഇത്‌ വെറും നോക്കുകുത്തിയായി നില്‍ക്കുകയാണ്‌. ജൈവ വൈവിധ്യത്തെകുറിച്ചുള്ള അറിവുകള്‍ നല്‍കുന്നതിനും കുട്ടികള്‍ക്കായി ഫിലിം പ്രദര്‍ശനവും മറ്റും സംഘടിപ്പിക്കുന്നതിനായും സുവര്‍ണ്ണോദ്യാനത്തില്‍ വിജ്ഞാനവ്യാപനം തുറക്കുന്നത്‌ പദ്ധതിയിലുണ്ട്‌. ഈ വിജ്ഞാപന കേന്ദ്രം തുറക്കുന്നതോടെ ഇവിടെ എത്തുന്നവര്‍ക്ക്‌ വന്യമൃഗ സങ്കേതങ്ങളെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം ഈ പ്രദേശങ്ങളില്‍ പോകുന്നതിനും താമസിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. ഒരു ഫോറസ്റ്ററും ഒരു ഗാര്‍ഡും തുടക്കത്തില്‍ സ്ഥിരമായും പദ്ധതി വിപുലീകരിക്കുമ്പോള്‍ അതിനനുസരിച്ച്‌ ജീവനക്കാരെ നിയമിക്കുവാനും വനം വകുപ്പ്‌ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനത്തിനുശേഷം ഇവര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. പാരമ്പര്യ പ്രകൃതി സംരക്ഷണ സംവിധാനങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്കായി കാവ്‌ പ്രത്യേകം ഒരുക്കിയിട്ടുണ്ട്‌. എന്നാല്‍ ഈ പ്രദേശത്തുകൂടെ കടന്നുപോകുന്നവര്‍ക്ക്‌ കാവ്‌ ഏത്‌, കാട്‌ ഏത്‌, നേഴ്സറിയേത്‌ എന്ന്‌ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. ഈ പ്രദേശത്തുതന്നെ ഒരേക്കര്‍ വിസ്തൃതിയിലുള്ള ഒരു വലിയ കുളവും 75 സെന്റ്‌ വിസ്തൃതിയിലുള്ള മറ്റൊരുകുളവും താമരകുളങ്ങള്‍ക്കായി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്‌. ഇന്ത്യയില്‍ കാണുന്ന എല്ലാത്തരം താമരകളും വളര്‍ത്തുവാനാണ്‌ വനംവകുപ്പ്‌ അധികൃതര്‍ ഉദ്ദേശിക്കുന്നത്‌. എന്നാല്‍ നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും, വിനോദസഞ്ചാരികള്‍ക്കും ഉപകാരപ്രദമാകുന്ന ഈ ബൃഹത്തായ പദ്ധതി അട്ടിമറിക്കുവാന്‍ വനംവകുപ്പ്‌ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.