കടലില്‍വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Monday 23 October 2017 10:03 pm IST

ചാവക്കാട്: പുറംകടലില്‍ മല്‍സ്യ ബന്ധനത്തിനിടെ ബോട്ടില്‍നിന്നു വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവന്തപുരം പൂവ്വാര്‍ സ്വദേശി പണി അടിമ (38)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ ചേറ്റുവ അഴുമുഖത്തിന് പടിഞ്ഞാറ് ഭാഗത്തു നിന്നും കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ചാവക്കാട് പുറംകടലില്‍ വെച്ചായിരുന്നു സംഭവം. കര്‍ണാടക സ്വദേശിയുടെ മഹാപ്രഭു എന്ന ബോട്ടില്‍ അടിമയടക്കം 11 പേരാണ് ഉണ്ടായിരുന്നത്. അര്‍ധരാത്രിയില്‍ ഉറക്കത്തിനിടയില്‍ ഇയാള്‍ കടലിലേക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഈ സമയം ഭൂരിഭാഗം തൊഴിലാളികളും ഉറക്കത്തിലായിരുന്നു. ശക്തമായ തിരമാലയില്‍ ബോട്ട് ആടിയുലഞ്ഞിരുന്നു. ഉറക്കത്തിലായിരുന്ന പണി അടിമ ഈ സമയം കടലിലേക്ക് വീണതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ബോട്ടിലെ മറ്റു മല്‍സ്യത്തൊഴിലാളികള്‍ ഉടന്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇവര്‍ കരയിലുള്ളവരെ വിവരം അറിയിക്കുന്നത്. വിവരമറിഞ്ഞ് അഴീക്കോട്ടെയും മുനയ്ക്കക്കടവിലെയും തീരദേശ പോലിസും ഫിഷറീസ് ഉദ്യോഗസ്ഥരും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഫിഷറീസ് ബോട്ടില്‍ അപകടസ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാത്രിവരെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ കരയിലേക്ക് മടങ്ങിയിരുന്നു. കടലില്‍ മല്‍സ്യം ബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് കടലില്‍ ഒഴുകി നടന്നിരുന്ന മൃതദേഹം ആദ്യം കണ്ടത്. ഇതേസമയം മഹാപ്രഭു ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ പനി അടിമയ്ക്കായി തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. വിവരം അറിയിച്ചതോടെ സഹതൊഴിലാളികളെത്തി മൃതദേഹം ബോട്ടില്‍ കയറ്റി ഉച്ചക്ക് 12 ഓടെ മുനക്കകടവ് ഫിഷ്‌ലാന്റിങ് സെന്ററിലെത്തിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.