സിപിഎം ഭീഷണി; രക്തസാക്ഷിയുടെ ചെറുമകന് സംരക്ഷണം നല്‍കണം : ഹൈക്കോടതി

Tuesday 24 October 2017 9:06 am IST

കെ.വി.അശോകനും കുടുംബവും കണ്ണൂര്‍ കളകട്രേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരുടെ നിരന്തര ഭീഷണിയെത്തുടര്‍ന്ന് വീടും നാടും വിട്ടൊഴിയേണ്ടി വന്ന സേലം രക്തസാക്ഷിയുടെ ചെറുമകന് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. തില്ലങ്കേരി സമരത്തില്‍ അറസ്റ്റിലാകുകയും സേലം ജയിലില്‍വെച്ച് പോലീസ് വെടിവെപ്പില്‍ മരിക്കുകയും ചെയ്ത പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന്‍ നമ്പ്യാരുടെ മകന്‍ കൊട്ടാരം നാണുനമ്പ്യാരുടെ മകന്‍ തില്ലങ്കേരി കുണ്ടേരി ഞാലിലെ കെ.വി.അശോകനും കുടുംബത്തിനും സംരക്ഷണം നല്‍കാനാണ് കോടതി ഉത്തരവായിരിക്കുന്നത്.

അശോകന്‍, ഭാര്യ ഹൈമ, മക്കളായ ചിന്മയ, സന്മയ എന്നിവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇരിട്ടി സിഐ, മുഴക്കുന്ന് എസ്‌ഐ എന്നിവര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെളിവ്‌സഹിതം പരാതി നല്‍കിയിട്ടും സിപിഎം നേതാക്കളുള്‍പ്പെടെയുളളവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, സംരക്ഷണം തേടിയാണ് അശോകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജില്ലാ പോലീസ് സൂപ്രണ്ട്, ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മുഴക്കുന്ന് എസ്‌ഐ, സിപിഎം നേതാക്കളും പ്രവര്‍ത്തകരുമായ കെ.വി.ജിജോ, ടി.മോഹനന്‍, ഗംഗാധരന്‍, പി.പി.രാജേഷ് എന്നിവരെ പ്രതി ചേര്‍ത്തായിരുന്നു ഹര്‍ജി നല്‍കിയത്.