നഗരത്തിലെ അനധികൃത പാര്‍ക്കിംങ്‌ വലയുന്നത് കാല്‍നടയാത്രക്കാരും വിദ്യാര്‍ത്ഥികളും

Monday 23 October 2017 10:13 pm IST

വടക്കഞ്ചേരി: നഗരത്തിലെ അനധികൃത പാര്‍ക്കിംങ്ങില്‍ വലയുന്നത് കാല്‍നടയാത്രക്കാരും വിദ്യാര്‍ത്ഥികളും. നഗരത്തിലെ തിരക്കേറിയ സ്ഥലമായ ടി.ബി. ജംഗ്ഷന്‍ മുതല്‍ തങ്കം തിയറ്റര്‍ വരെയുള്ള റോഡിന്റെ വശങ്ങളിലാണ് മിക്ക സമയങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് മാര്‍ഗ്ഗതടസവും സൃഷ്ടിക്കുന്നു. റോഡിന്റ വശങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനു താഴെ വരെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നവരും കുറവല്ല. പോലീസ് പല തവണ താക്കീത് ചെയ്തിട്ടും പാര്‍ക്കിംഗ് വീണ്ടും തുടരുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നും മോക്ഷം കിട്ടാനാണ് ബസാര്‍ റോഡ് പണിതത്. എന്നാല്‍ റോഡ് സുഗമമായതോടെ വാഹനങ്ങള്‍ ദീര്‍ഘനേരം നിര്‍ത്തിയിട്ട് പോവുന്നതും പതിവായി. കാല്‍നടയാത്രക്കാര്‍ക്കായി ഫുട്പാത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും ചില വ്യാപാരികള്‍ കടയുടെ മുന്‍ വശങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഇത് കാല്‍ നടയാത്രക്കാര്‍ക്കും ദുരിതം ഉണ്ടാക്കുന്നു. സ്‌കൂള്‍ വിടുന്ന സമയങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ ഏറെയും വലയുന്നത്. തെരുവോരങ്ങളിലെ കച്ചവടവും വശങ്ങളിലെ പാര്‍ക്കിംങ്ങും മൂലം വിദ്യാര്‍ത്ഥികള്‍ പ്രധാന നിരത്തിലൂടെ വേണം നടക്കാന്‍. അമിതവേഗതയിലൂടെ പോവുന്ന വാഹനങ്ങള്‍ ഒരു നെല്ലിട വ്യത്യാസങ്ങളിലാണ് മിക്കവാറും ചീറിപ്പായുന്നത്. പോലീസ് ചില ദിവസങ്ങളില്‍ അനധികൃത പാര്‍ക്കിംങ്ങിനെതിരെ രംഗത്തു വരാറുണ്ടെങ്കിലും ഇതൊന്നും ഫലം കാണാറില്ല. ടൗണില്‍ തന്നെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതടക്കം അഞ്ച് പേ പാര്‍ക്കിംഗ് സംവിധാനമുണ്ടെന്നിരിക്കെയാണ് ഇത്തരം അനധികൃത പാര്‍ക്കിംഗ്. യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പാര്‍ക്കിംഗും വഴിയോരക്കച്ചവടവും പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.