കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്ത് പോയ ദമ്പതികള്‍ പിടിയില്‍

Monday 23 October 2017 10:15 pm IST

പത്തനംതിട്ട: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തി വിദേശത്തേക്കു കടന്ന ദമ്പതികളെ ഇന്റര്‍പോള്‍ ഇന്ത്യയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു. ഫെഡറല്‍ ബാങ്ക് മുന്‍ ജീവനക്കാരനും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ മൈലപ്ര കൊടിഞ്ഞിനാല്‍ ലെസ്ലി ദാനിയേല്‍ (58), ഭാര്യ ശാന്തന്‍ സൂസന്‍ (55) എന്നിവരാണ് അറസ്റ്റിലായത്. ഓഹരി വിപണി നിക്ഷേപത്തിന്റെ പേരില്‍ 15 കോടിയോളം രൂപ പലരില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ലെസ്ലിയുടെ മാതാവ് ഗ്ലോറിയ ദാനിയേലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഹരി വിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തിലധികം പേരില്‍ നിന്ന് പതിനഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത ശേഷം യുഎഇയിലേക്ക് കടക്കുകയായിരുന്നു. 2007ലായിരുന്നു സംഭവം. ലസ്ലിയ്‌ക്കെതിരെ പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍, പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി1, കോടതി2 എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നു. ലെസ്ലിയെ പിടികിട്ടാപ്പുളളിയായി പോലീസ് പ്രഖ്യാപിച്ചു. 2012 ഏപ്രില്‍ 19നും ആഗസ്റ്റ് എട്ടിനും ഇന്റര്‍പോള്‍ മുഖേന വാറണ്ടുകള്‍ നടപ്പാക്കാന്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ കണ്ടെത്തുന്നതില്‍ പോലീസ് ഉദാസീനത കാട്ടുന്നുവെന്ന പരാതിക്കാരുടെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം പോലീസ് നടത്തിയ ശ്രമഫലമായി ഇന്റര്‍പോള്‍ 2016-ല്‍ ലസ്ലിക്കും ശാന്തന്‍ സൂസനുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് യുഎഇയിലെ അജ്മാനില്‍ പ്രതികള്‍ പിടിയിലായി. എന്നാല്‍, ഇവരെ നാട്ടില്‍ എത്തിക്കാന്‍ രാഷ്ട്രീയ സ്വാധീനത്തുനു വഴങ്ങി പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ലസ്ലിയുടെയും ശാന്തന്‍ സൂസന്റെയും പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി. വിദേശകാര്യവകുപ്പുവഴി കുറ്റവാളികളെ കൈമാറുന്നതിനുള്ള അപേക്ഷ പോലീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ മുഖേന പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.