ലോകകപ്പ് സെമി നാളെ

Monday 23 October 2017 10:26 pm IST

ന്യൂദല്‍ഹി: അണ്ടര്‍ -17 ലോകകപ്പില്‍ കിരീടത്തിനായുളള പോരാട്ടം ഇനി നാലു ടീമുകള്‍ തമ്മില്‍. 24 ടീമുകള്‍ മാറ്റരുച്ച ടൂര്‍ണമെന്റില്‍ നിന്ന് ആദ്യ കടമ്പകള്‍ കടന്ന് ഫൈനലിന് തൊട്ടുമുമ്പത്തെ കലാശക്കളികള്‍ക്ക് അര്‍ഹരായത് ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍, മാലി ടീമുകള്‍. കിരീടത്തിലേക്ക് ഇവര്‍ക്കുളള ദൂരം ഇനി രണ്ട് മത്സരങ്ങള്‍ മാത്രം. കലാശപ്പോരാട്ടത്തിലേക്ക് വഴിതുറക്കുന്ന സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ അരങ്ങേറും. കൊല്‍ക്കത്തയിലെ ആദ്യ സെമിയില്‍ വൈകിട്ട് അഞ്ചിന് ബ്രസീല്‍ ഇംഗ്ലണ്ടിനെ എതിരിടും. നവി മുംബൈയിലെ രണ്ടാം സെമിയില്‍ മാലിയും സ്‌പെയിനും മാറ്റുരയ്ക്കും. ഈ മത്സരങ്ങളിലെ വിജയികള്‍ 28 ന് കൊല്‍ക്കത്തയിലെ കലാശക്കളിയില്‍ കപ്പിനായി പൊരുതും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ബ്രസീല്‍ അവസാന നാലിലൊന്നായത്. ക്ലാസിക്ക് പോരാട്ടത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് സെമിയിലെത്തിയത്. ഈ വിജയത്തിലൂടെ കിരീടം നേടാന്‍ സാധ്യതയുള്ള ഏറ്റുവം മികച്ച ടീമാണ് തങ്ങളെന്ന് ബ്രസീല്‍ തെളിയിച്ചുകഴിഞ്ഞു. പൊളീഞ്ഞോ, ലിങ്കന്‍, ബ്രന്നര്‍ തുടങ്ങിയവരാണ് അവരുടെ പ്ലേമേക്കേഴ്‌സ്. ഇംഗ്ലണ്ടും എല്ലാ മത്സരങ്ങളിലും വിജയിച്ചാണ് സെമിയിലെത്തിയിരിക്കുന്നത്.ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അമേരിക്കയെ തോല്‍പ്പിച്ചു.പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്‍ നിശ്ചിത സമയത്ത് സമനിലയില്‍ തളച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് അവരെ മറികടന്നു. മുന്നേറ്റ നിരയിലെ കരുത്തനായ ജോഡന്‍ സാഞ്ചോസിന്റെ അഭാവം ജപ്പാനെതിരായ മത്സരത്തില്‍ പ്രകടമായെങ്കിലും ബ്രൂസ്റ്ററെ പോലുള്ള താരങ്ങളുടെ സാന്നിധ്യം ടീമിന് കരുത്താകും. ഒത്തിണക്കത്തോടെ കളിക്കുന്ന ഒന്നിലെറെ താരങ്ങളാണ് അവരുടെ ശക്തി. ക്വാര്‍ട്ടറില്‍ അമേരിക്കക്കെതിരെ അവര്‍ കരുത്ത് തെളിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.