തീപാറും പോരാട്ടത്തില്‍ ആദര്‍ശും അശ്വതിയും

Monday 23 October 2017 10:54 pm IST

അശ്വതിയും ആദര്‍ശ് ഗോപിയും

പാലാ: കത്തി ജ്വലിക്കുന്ന സൂര്യനെക്കാള്‍ ചൂടേറിയ പോരാട്ടമായിരുന്നു 800 മീറ്ററില്‍ നടന്നത്.സീനിയര്‍ ബോയ്‌സ്, ഗേള്‍സ് മത്സര സമയത്ത് സൂര്യന്‍ തിളച്ച് മറിയുകയായിരുന്നു.ആദര്‍ശ് ഗോപിക്ക് രണ്ടാം സ്വര്‍ണം അണിയിച്ച മല്‍സരമായിരുന്നു 800 മീറ്റര്‍ . എന്നാല്‍, മല്‍സരിച്ച ഒരേയൊരിനത്തില്‍ സ്വര്‍ണവേട്ട നടത്തിയതിന്റെ ആഹ്‌ളാദത്തിലാണ് അശ്വതി.

സീനിയര്‍ ബോയ്‌സ്, ഗേള്‍സ് വിഭാഗം 800 മീറ്റര്‍ ഓട്ടത്തില്‍ തീപാറും പോരാട്ടമായിരുന്നു ട്രാക്കില്‍. കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിയും മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ അശ്വതി ബിനുവും ഒന്നാംസ്ഥാനക്കാരായി. 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 5000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും നേടിയ ആദര്‍ശ് 1.53.66 മിനിറ്റിലാണ് ലക്ഷ്യംകണ്ടത്. കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് ഗോപിയുടെയും പ്രമീളയുടെയും മകനാണ്.

മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ ടി സൈഫുദ്ദീന്‍ (1.53.93) വെള്ളിയും തിരുവനനന്തപുരം സായിയുടെ ജെ എസ് റോഷന്‍ വെങ്കലവും നേടി. കഴിഞ്ഞവര്‍ഷം നാലാംസ്ഥാനത്തായിരുന്ന ടി സൈഫുദ്ദീന്‍ ഇക്കുറി രണ്ടാംസ്ഥാനത്തെത്തി നില മെച്ചപ്പെടുത്തി. കഴിഞ്ഞവര്‍ഷം അഞ്ചാമതായി ഫിനിഷ് ചെയ്ത കോട്ടയം എം ഡി സെമിനാരിയുടെ ജയജിത്ത് പ്രസാദ് പാലായില്‍ എട്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.