സ്വര്‍ണ്ണത്തേരില്‍ കിരീടമേന്തി എറണാകുളം

Monday 23 October 2017 11:13 pm IST

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ എറണാകുളം ടീം

പാലാ: ഒരാണ്ട് മുമ്പ് കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വീശിയ പാലക്കാടന്‍ കാറ്റില്‍ ഇടറിവീണ എറണാകുളം, കേരളത്തിന്റെ കൗമാര കായികോത്സവത്തില്‍ കിരീടം തിരിച്ചു പിടിച്ചു. പാലായിലെ സിന്തറ്റിക് ട്രാക്കിനെ ഹരം കൊള്ളിച്ച നാലു ദിനങ്ങള്‍ അവസാനിക്കുമ്പോള്‍ പക്ഷേ, ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ ആലങ്കാരിക പ്രയോഗങ്ങള്‍ക്ക് സാധ്യത തീരെ നല്‍കാതെയാണ് എറണാകുളത്തിന്റെ മുന്നേറ്റം.

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ കപ്പുയര്‍ത്തുമ്പോള്‍ അവര്‍ക്കു സ്വന്തം, 34 സ്വര്‍ണ്ണവും 16 വെള്ളിയും 21 വെങ്കലവും. 258 പോയിന്റിന്റെ ചോദ്യം ചെയ്യാനാകാത്ത കുതിപ്പ്. ഇത്തവണ രണ്ടാം സ്ഥാനത്തായിപ്പോയ പാലക്കാടിന് 22 സ്വര്‍ണ്ണവും 14 വെള്ളിയും 24 വെങ്കലവും, 185 പോയിന്റ്. കോഴിക്കോടാണ് മൂന്നാമത്, 8 സ്വര്‍ണ്ണവും 20 വെള്ളിയും 6 വെങ്കലവും(109 പോയിന്റ്). ആതിഥേയ ജില്ലയായ കോട്ടയം 5 സ്വര്‍ണ്ണവും 4 വെള്ളിയും 7 വെങ്കലവുമടക്കം 53 പോയിന്റുമായി ആറാമത്.

പാലായിലും പാറി കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന്റെ വിജയപതാക. 13 സ്വര്‍ണ്ണവും ഒരു വെള്ളിയും ഏഴു വെങ്കലവുമടക്കം 75 പോയിന്റോടെ സ്‌കൂള്‍ തലത്തില്‍ അവര്‍ നാലാം തവണയും ജേതാക്കളായി. എന്നാല്‍ മെഡലുകളുടെ കാര്യത്തില്‍ വന്‍ വരള്‍ച്ചയാണ് കോതമംഗലത്തിന്, കഴിഞ്ഞ തവണത്തേതിനേക്കാള്‍ സ്വര്‍ണം ഒന്നേ കുറഞ്ഞുള്ളൂ. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ 13 വെള്ളി ഇത്തവണ ഒന്നായി ചുരുങ്ങി. പാലക്കാടന്‍ കരുത്തിനെ മറികടന്ന് രണ്ടാമതെത്തിത് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസ്. 7 സ്വര്‍ണ്ണം 9 വെള്ളി 2 വെങ്കലമടക്കം 63 പോയിന്റ്. പാലക്കാട് പറൡ സ്‌കൂള്‍ 7 സ്വര്‍ണ്ണവും 6 വെള്ളിയും 4 വെങ്കലവുമടക്കം 57 പോയിന്റുമായി മൂന്നാമത്. കഴിഞ്ഞ വര്‍ഷം നാലാമതായിരുന്ന കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് 42 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മൂന്ന് വിഭാഗങ്ങളിലായിഏഴു പേര്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടത്തിന് അര്‍ഹരായി. സീനിയര്‍ പെണ്‍കുട്ടികളില്‍ സ്പ്രിന്റ് ഡബിള്‍ ഉള്‍പ്പെടെ മൂന്ന് സ്വര്‍ണ്ണം നേടിയ കോഴിക്കോടിന്റെ അപര്‍ണ്ണറോയ്, ദീര്‍ഘദൂരത്തില്‍ ട്രിപ്പിളടിച്ച മാര്‍ബേസിലിന്റെ അനുമോള്‍തമ്പി, സീനിയര്‍ ആണ്‍കുട്ടികളില്‍ മാര്‍ബേസിലിന്റെ തന്നെ ആദര്‍ശ് ഗോപി, ജൂനിയര്‍ പെണ്‍കുട്ടികളില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജന്‍, ആണ്‍കുട്ടികളില്‍ മാര്‍ബേസിലിന്റെ അഭിഷേക് മാത്യു, സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ മാര്‍ബേസിലിന്റെ അഭിഷ. പി, ആണ്‍കുട്ടികളില്‍ തങ്ജാം അലേര്‍ട്ട്‌സണ്‍ സിങ് എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്.