സ്‌കൂളിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

Monday 23 October 2017 11:24 pm IST

കൊല്ലം: അദ്ധ്യാപിക ശകാരിച്ചതില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിനി പടിഞ്ഞാറെ കൊല്ലം കൊച്ചുനട പടിഞ്ഞാറ്റതില്‍ (കെപി ഹൗസില്‍) പ്രസന്നകുമാറിന്റെ മകള്‍ ഗൗരി നേഘ (15)യാണ് മരിച്ചത്. തിരുവനന്തപുരം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഗൗരി ഇന്നലെ പുലര്‍ച്ചയാണ് മരിച്ചത്. നട്ടെല്ലിനും തലയ്ക്കും ഏറ്റ ഗുരുതര പരിക്കാണ് കാരണം. സിന്ധു, ക്രെസന്റ് എന്നീ അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എല്‍പി ബ്ലോക്കിലെ മൂന്നാം നിലയില്‍ നിന്ന് വീഴുന്നത് മറ്റ് കുട്ടികളാണ് കണ്ടത്. ബന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഗൗരി ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. ബന്‍സിഗര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ വൈകിയതാണ് സ്ഥിതി വഷളാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. അമ്മ ശാലിനി. സഹോദരി മീര കല്യാണ്‍. യുവമോര്‍ച്ച ഉള്‍പ്പടെയുള്ള സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ ശക്തികുളങ്ങര എസ്‌ഐ ഫയാസ് ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.