ക്ഷേത്രപ്പറമ്പില്‍ സിപിഎം തോരണം കെട്ടി

Tuesday 24 October 2017 8:06 am IST

വണ്ടിപ്പെരിയാര്‍(ഇടുക്കി): വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനം തടയാന്‍ സിപിഎം നീക്കം. സംഘടിച്ചെത്തി കാണിക്ക വഞ്ചിയോട് ചേര്‍ന്ന് ക്ഷേത്രഭൂമിയില്‍ തോരണം കെട്ടി. പുല്ലുമേട് വഴി എത്തുന്ന അയ്യപ്പന്മാരുടെ പ്രധാന ഇടത്താവളമാണ് ക്ഷേത്രം. ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷേത്രം പുതുക്കി പണിയുകയാണ്. ഇതിനായി കുഴിയെടുക്കുന്നതിനിടെ മദ്യപിച്ച് എത്തിയ സിപിഎം പ്രവര്‍ത്തകര്‍ പണി തടസ്സപ്പെടുത്തി. വൈകിട്ട് ക്ഷേത്രത്തിലെ ദീപാരാധന തടയാനുള്ള ശ്രമവും നടന്നു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. രാത്രിയോടെ അന്യമതസ്ഥരായ കൂടുതല്‍ പ്രവര്‍ത്തകരെത്തി തോരണങ്ങള്‍ തൂക്കുകയായിരുന്നു. ഇതിന് മുന്നിലായി റോഡരികില്‍ പാര്‍ട്ടിയുടെ കൊടിമരവും പരസ്യങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചെറിയ ക്ഷേത്രം ഭരണസമിതി ഏറ്റെടുത്ത് 2014ലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനം പാതി പിന്നിട്ടതോടെ ക്ഷേത്രത്തിലേയ്ക്ക് എത്തുന്ന ഭക്തരുടെ എണ്ണം കൂടി. ഇതാണ് പ്രകോപനങ്ങള്‍ക്ക് കാരണമെന്ന് ഭരണസമിതി അംഗങ്ങള്‍ പറയുന്നു. സംഭവത്തില്‍ ക്ഷേത്രവികാരം വ്രണപ്പെടുത്തിയ സിപിഎം നിലപാടിനെതിരെ ഭക്തജനങ്ങള്‍ക്കിടയില്‍ രോഷം പുകയുകയാണ്. ഒരു കോടി രൂപയുടെ ബൃഹത്തായ പണികളാണ് മൂന്നേക്കറോളം വരുന്ന ക്ഷേത്രഭൂമിയില്‍ നടക്കുന്നത്. ഹിന്ദുവികാരം വ്രണപ്പെടുത്തുന്നത് കണ്ട് നില്‍ക്കാനാകില്ലെന്നും സിപിഎം ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും ഹിന്ദു നേതാക്കള്‍ ആവശ്യപ്പെട്ടു. മുമ്പും ക്ഷേത്രത്തിനെതിരെ ഇത്തരത്തിലുള്ള നടപടികള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ മുഴുവന്‍ ഹൈന്ദവ വിശ്വാസികളെയും അണിനിരത്തി സമരം ആരംഭിക്കുമെന്ന് വിവിധ പരിവാര്‍ സംഘടന നേതാക്കളായ അനൂപ് വള്ളക്കടവ്, വിഷ്ണു വിശ്വംഭരന്‍, ദിലീപ് പി.എസ്., അനന്തന്‍ ആര്‍.കെ. എന്നിവര്‍ അറിയിച്ചു.