പുന്നപ്ര - വയലാര്‍ സമരം; പെന്‍ഷന്‍ നല്‍കാന്‍ 13.52 കോടി

Tuesday 24 October 2017 8:12 am IST

ആലപ്പുഴ: പുന്നപ്ര - വയലാര്‍ സമരം സ്വാതന്ത്ര്യ സമരമെന്ന് കുപ്രചരണം നടത്തി പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചെലവിടുന്നത് 13.52 കോടി രൂപ. 1,150 പേര്‍ക്കാണ് മാസം 9,800 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നത്. സമരത്തില്‍ യാതാരു പങ്കാളിത്തവും ഇല്ലാത്തവര്‍ വരെ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സമരത്തിന്റെ എഴുപത്തിയൊന്നാം വാര്‍ഷികം ആചരിക്കുമ്പോള്‍ എണ്‍പത് വയസ്സില്‍ താഴെ പ്രായമുള്ളവര്‍ വരെ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സമരം നടക്കുമ്പോള്‍ പത്തു വയസു പോലും തികയാത്തവരും പെന്‍ഷന്‍ വാങ്ങുന്നു. സമരത്തില്‍ പങ്കെടുക്കാത്ത വി.എസ്. അച്യുതാനന്ദനെ പോലുള്ളവരെ സമര നായകരെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വാഴ്ത്തുമ്പോള്‍ യഥാര്‍ത്ഥ സമര നായകരായിരുന്ന കുന്തക്കാരന്‍ പത്രോസ് (കെ.വി. പത്രോസ്) അടക്കമുള്ളവര്‍ പാര്‍ട്ടി ചരിത്രത്തില്‍ പോലും സ്ഥാനം പിടിച്ചിട്ടില്ല. പുന്നപ്ര - വയലാര്‍ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരം അയിരുന്നില്ല. തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഇന്ത്യാ മഹാരാജ്യവുമായുള്ള ലയനവും പുന്നപ്ര - വയലാര്‍ സമരവും തമ്മില്‍ ബന്ധമൊന്നുമില്ല. പുന്നപ്ര - വയലാര്‍ സമരം നടക്കുന്ന സമയത്ത് ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദം കൊണ്ടുവന്നിരുന്നില്ല. പിന്നീടാണ് സ്വതന്ത്ര തിരുവിതാംകൂര്‍ സിദ്ധാന്തം ദിവാന്‍ അവതരിപ്പിച്ചത്. സര്‍ദാര്‍വല്ലഭായി പട്ടേലും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍. സി.പി.യും തമ്മില്‍ 1947 ജൂണില്‍ ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദിവാന്‍ തന്നെ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം ഉപേക്ഷിക്കുകയായിരുന്നു.