ഗൗരിയ്ക്ക് ചികിത്സ നിഷേധിച്ചു; ആശുപത്രിക്കെതിരെ അന്വേഷണം

Tuesday 24 October 2017 8:56 am IST

കൊല്ലം: അദ്ധ്യാപിക ശകാരിച്ചതില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ച ഗൗരി നേഘയ്ക്ക് ചികിത്സ നിഷേധിച്ചു. കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ച ഗൗരിയെ ആദ്യ നാല് മണിക്കൂര്‍ ചികിത്സ നല്‍കിയില്ല. തലയുടെ സ്കാനിംഗും എടുത്തിരുന്നില്ല. സംഭവത്തില്‍ കേസെടുത്ത പോലീസ് ആശുപത്രിയില്‍ എത്തി രേഖകള്‍ പരിശോധിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് ഗൗരിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗൗരി ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചു. ഗൗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനോ വിശദമായ സ്കാനിംഗ് നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഇതാണ് ഗൗരിയുടെ നില കൂടുതല്‍ വഷളാക്കിയതെന്നും പോലീസ് പറഞ്ഞു. ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പടിഞ്ഞാറെ കൊല്ലം കൊച്ചുനട പടിഞ്ഞാറ്റതില്‍ (കെപി ഹൗസില്‍) പ്രസന്നകുമാറിന്റെ മകള്‍ ഗൗരി നേഘ (15). നട്ടെല്ലിനും തലയ്ക്കും ഏറ്റ ഗുരുതര പരിക്കാണ് മരണ കാരണം. സിന്ധു, ക്രെസന്റ് എന്നീ അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എല്‍പി ബ്ലോക്കിലെ മൂന്നാം നിലയില്‍ നിന്ന് വീഴുന്നത് മറ്റ് കുട്ടികളാണ് കണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.