റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍

Tuesday 24 October 2017 10:43 pm IST

ലണ്ടന്‍: മികച്ച കളിക്കാരനുള്ള ഫിഫ അവാര്‍ഡ് റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റിയനോ റൊണാള്‍ഡോയ്ക്ക്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ അവാര്‍ഡ് നേടുന്നത്. ഇതോടെ അഞ്ചു തവണ ഈ അവാര്‍ഡ് നേടിയ ലയണല്‍ മെസിക്കൊപ്പം എത്തി. ബാഴ്‌സലോണയുടെ ലയണല്‍ മെസി, പിഎസ്ജിയുടെ നെയ്മര്‍ എന്നിവരെ പിന്തളളിയാണ് റൊണാള്‍ഡോ ഒന്നാം സ്ഥാനത്തെത്തിയത്. ലണ്ടനില്‍ നടന്ന അവാര്‍ഡ് നിശയില്‍ ഒട്ടേറെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന്റെ ലാലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീട വിജയങ്ങളില്‍ റൊണാള്‍ഡോ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പോര്‍ച്ചുഗീസ് താരമായ റൊണാള്‍ഡോ 48 മത്സരങ്ങളില്‍ രാജ്യത്തിനും ക്ലബ്ബിനുമായി ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 44 ഗോളുകള്‍ നേടിയിട്ടുണ്ട്. മികച്ച കോച്ചിനുള്ള അവാര്‍ഡ് റയല്‍ മാഡ്രിഡിന്റെ സിനദിന്‍ സിദാന് ലഭിച്ചു. ചെല്‍സിയുടെ അന്റോണിയോ കോണ്ടെയെയും യുവന്റസിന്റെ മസിമിലിയാനോ അലേഗ്‌രിയെയും മറികടന്നാണ് സിദാന്‍ അവാര്‍ഡിന് അര്‍ഹനായത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡ് ഗിയാന്‍ലൂഗി ബഫൂണ്‍ സ്വന്തമാക്കി. കെയ്‌ലര്‍ നവാസിനെയും മാനുവല്‍ ന്യൂററെയും പിന്തള്ളിയാണ് ബഫൂണ്‍ അവാര്‍ഡിനര്‍ഹനായത്. ഈ വര്‍ഷത്തെ മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡിന് ആഴ്‌സണലിന്റെ ഒലിവര്‍ ഗിറോഡ് അര്‍ഹനായി. മികച്ച വനിതാ ഫുട്‌ബോളര്‍ക്കുളള അവാര്‍ഡ് ലീക്ക് മര്‍ട്ടന്‍സും വനിതാ കോച്ചിനുളള അവാര്‍ഡ് സരിന വീഗ്മാനും കരസ്ഥമാക്കി.