തോമസ്ചാണ്ടിയുടെ ഭൂമി കയ്യേറ്റം: തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു

Tuesday 24 October 2017 11:19 am IST

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന നിലപാടില്‍ സിപിഐ. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി തീരുമാനം എടുക്കും. റിപ്പോർട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ലേക്ക്പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനങ്ങളാണ് മന്ത്രി തോമസ് ചാണ്ടി നടത്തിയതെന്നു കളക്ടറുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. നെൽവയൽ, നീർത്തട നിയമമനുസരിച്ച് ക്രിമിനൽ കേസും പിഴയും ചുമത്താവുന്ന ക്രമക്കേടുകളാണ് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളടങ്ങിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം തന്റെ നിർദേശങ്ങൾക്കൂടി ഉൾപ്പെടുത്തിയാകും മന്ത്രി അത് മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുകയാണെന്നും സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. ആരോപണം ഉന്നയിക്കപ്പെട്ടതുകൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി അഭിപ്രായപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.