ദേവാസുര ശില്‍പ്പിക്ക് അഞ്ജലി

Wednesday 25 October 2017 1:45 am IST

ചെന്നൈ: സൂപ്പര്‍ഹിറ്റ് മലയാള സിനിമകളുടെ സംവിധായകന്‍ ഐ. വി. ശശി (69) അന്തരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ചെന്നൈ സാലിഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം. അര്‍ബുദത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമ. അനു ശശി, അനി ശശി എന്നിവരാണ് മക്കള്‍. മിലന്‍ നായര്‍ മരുമകന്‍. നൂറ്റമ്പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഓരോന്നും ഏറെ വ്യത്യസ്തമായിരുന്നു. മിക്കവയും സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തു. ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, അവളുടെ രാവുകള്‍, ഇൗ നാട്, ഇനിയെങ്കിലും, ഉണരൂ, ഏഴാം കടലിനക്കരെ, തുഷാരം, കാണാമറയത്ത്, അതിരാത്രം, കരിമ്പിന്‍ പൂവിനക്കരെ , അടിയൊഴുക്കുകള്‍, ആവനാഴി, അടിമകള്‍ ഉടമകള്‍, 1921, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം, ഹംസഗീതം, അഞ്ജലി തുടങ്ങി മിക്കതും വമ്പന്‍ ഹിറ്റുകളായിരുന്നു. 1975ല്‍ കെ.പി. ഉമ്മറിനെ നായകനാക്കി എടുത്ത ഉത്സവം ആദ്യ ചിത്രം. തമിഴിലും ഹിന്ദിയിലും സംവിധാനം ചെയ്തിട്ടുണ്ട്. ജെ.സി. ദാനിയേല്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി. 1980 ആഗസ്റ്റ് 28ന് അദ്ദേഹം തന്നെ സിനിമാ ലോകത്ത് എത്തിച്ച സീമയെ വിവാഹം ചെയ്തു. ഇരുവരും ചേര്‍ന്ന് 30ലേറെ ഹിറ്റ് സിനിമകള്‍ ചെയ്തു. 1948 മാര്‍ച്ച് 28ന് കോഴിക്കോട്ടാണ് ഇരുപ്പം വീട്ടില്‍ ശശിധരന്‍ എന്ന ഐ. വി. ശശിയുടെ ജനനം. കലാ സംവിധായകനായാണ് സിനിമാ തുടക്കം. പിന്നെ സഹസംവിധായകനായി. 27ാം വയസിലാണ് ആദ്യം സംവിധായകനായത്. 34 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരെ താരങ്ങളാക്കിയത് ശശിയാണ്. ജയനെന്ന നായകനെ അനശ്വരനാക്കിയതില്‍ ശശിക്കുള്ള പങ്ക് നിസ്തുലമാണ്. അവളുടെ രാവ് ചലച്ചിത്ര മേഖലയെ മാത്രമല്ല, സാമൂഹ്യ സാംസ്‌കാരിക മേഖലകളെ പോലും പ്രകമ്പനം കൊള്ളിച്ചു. ശശിയുടെ ഇനിയെങ്കിലും എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു തുടങ്ങിയത്. തൃഷ്ണയിലൂടെ മമ്മൂട്ടിയെ സിനിമയില്‍ എത്തിച്ചു. മമ്മൂട്ടിക്കൊപ്പം 35 സിനിമകള്‍ ചെയ്തു. മോഹന്‍ലാലിന്റെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് ശശി സംവിധാനം ചെയ്ത ദേവാസുരമാണ്. അതിലെ മംഗലശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം മലയാള സിനിമയിലെ എവറസ്റ്റ് കൊടുമുടിയാണ്. ഗുരു, കരിഷ്മ (ഹിന്ദി), അലാവുദ്ദീനും അത്ഭുത വിളക്കും, ഈറ്റ തുടങ്ങിയവ ശശിയും കമല്‍ഹാസനും ചേര്‍ന്ന് അനശ്വരമാക്കിയ ചിത്രങ്ങളാണ്. ഇറ്റാലിയന്‍ ചലച്ചിത്രോല്‍സവത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള ചിത്രമാണ് 1921. ഇണ, ശൈശവ വിവാഹത്തെ അടിസ്ഥാനമാക്കി ചെയ്ത ചിത്രമാണ്. ദേശീയോദ്ഗ്രഥനത്തിനുള്ള 82ലെ നര്‍ഗീസ് ദത്ത് ദേശീയ അവാര്‍ഡ് ആരൂഢത്തിന് ലഭിച്ചിരുന്നു. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടു തവണ ലഭിച്ചു ('76 അനുഭവം, '89 മൃഗയ). 84ല്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ മികച്ച രണ്ടാമത്തെ ചിത്രമായി. 88ല്‍ മികച്ച ജനപ്രിയ ചിത്രമായി 1921. 2015ലാണ് സമഗ്ര സംഭാവനക്കുള്ള ജെ.സി. ദാനിയേല്‍ അവാര്‍ഡ് നേടിയത്. 2009ല്‍ ചെയ്ത് വെള്ളത്തൂവലാണ് അവസാന ചിത്രം. മോഹന്‍ലാല്‍ എന്ന നടന്റെ മുഴുവന്‍ അഭിനയ വൈഭവവും പുറത്തു കൊണ്ടുവന്ന ചിത്രങ്ങളില്‍ ഒന്നാണ് ദേവാസുരം. മമ്മൂട്ടിയുടെ വാറുണ്ണിയാണ് മൃഗയയെ എന്നത്തെയും ഹിറ്റാക്കിയത്. ജയന്റെ പൗരുഷവും അഭിനയ സിദ്ധിയുമാണ് ഈനാടിന്റെയും അങ്ങാടിയുടേയും അടിത്തറ.