ജസ്റ്റിസ് ഉബൈദിനെതിരെ പരാതി

Wednesday 25 October 2017 10:22 am IST

ചാലക്കുടി: കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവിന്റെ അമ്മ, കേസില്‍ ഇടക്കാല വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഉബൈദിനെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കി. ജസ്റ്റിസ് ഉബൈദിന്റെ ഇടക്കാല ഉത്തരവ് പ്രതി അഭിഭാഷകന്‍ ഉദയഭാനുവിന് രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്നാണ് പരാതി. ഉദയഭാനു-രാജീവ് ബന്ധത്തിന് തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. രാജീവിന്റെ മകന്‍ ഇവര്‍ തമ്മിലെ ഭൂമിയിടപാടുകളുടെ രേഖകളും അന്വേഷണ സംഘത്തിന് നല്‍കി. ഉദയഭാനു രാജീവിന്റെ വീട്ടില്‍ വന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് അഭിഭാഷകന്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. കേസില്‍ നിന്ന് ജസ്റ്റിസ് ഉബൈദ് പിന്മാറിയത് ഉദയഭാനുവിന്റെ അറസ്റ്റ് നീളാന്‍ കാരണമായി. പുതിയ ബെഞ്ച് കേസെടുക്കുംവരെ അറസ്റ്റ് നടക്കാതെ വന്നിരിക്കുകയാണ്. രാജീവിന്റെ അമ്മ സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ട്. ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാേപക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഉദയഭാനുവിനെതിരെയുള്ള തെളിവുകള്‍ പോലീസ് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറണമെന്നും അതുവരെ ഉദയഭാനുവിനെതിരെ മറ്റു നടപടികള്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.