ചൈനീസ് അതിര്‍ത്തിയില്‍ 50 സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കും

Tuesday 24 October 2017 9:35 pm IST

ന്യൂദല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ പുതിയ അമ്പതു സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയ തീരുമാനം. ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസാണ് പുതിയ പോസ്റ്റുകള്‍ സ്ഥാപിക്കുകയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അറിയിച്ചു. അതിര്‍ത്തിയില്‍ നിയോഗിക്കുന്ന സൈനികര്‍ക്ക് ചൈനീസ് ഭാഷാ പഠനം ഏര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ അതിര്‍ത്തി പോസ്റ്റുകളിലേക്ക് പുതിയ 25 റോഡുകള്‍ നിര്‍മ്മിക്കും. അതിര്‍ത്തിയിലേക്ക് അതിവേഗത്തില്‍ എത്തിച്ചേരുന്നതിനുള്ള ക്രമീകരണത്തിന്റെ ഭാഗമായാണിത്. ലഡാക്കില്‍ മാതൃകാ അതിര്‍ത്തി പോസ്റ്റ് സ്ഥാപിച്ചത് വിജയകരമായെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു. ഐടിബിപിയിലെ ജവാന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചൈനീസ് ഭാഷയില്‍ അടിസ്ഥാന പരിശീലനം നല്‍കും. ചൈനീസ് സൈന്യവുമായുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിച്ചു തീര്‍ക്കാനും ഭാഷാപരിചയം സഹായിക്കും. പാക്, ചൈനീസ്, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ സാറ്റലൈറ്റ് സംവിധാനങ്ങളുടെ ശേഷി ഉയര്‍ത്തിയതും ആശയ വിനിമയ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയതും അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാകാന്‍ സഹായിക്കുന്നുണ്ട്. ഉന്നത പ്രദേശങ്ങളില്‍ പോലും ആശയ വിനിമയ സംവിധാനങ്ങളുടെ ശേഷി വര്‍ദ്ധിച്ചിട്ടുണ്ട്. സാറ്റലേറ്റ് ദൃശ്യങ്ങള്‍ വഴി വിദൂര അതിര്‍ത്തികളിലെ സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിക്കാനും തടയാനും സാധിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തികളുടെ നിരീക്ഷണത്തിനായി ജി-സാറ്റ് സാറ്റലേറ്റ് സംവിധാനം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ഇത്തരം പ്രയോജനങ്ങള്‍ അതിര്‍ത്തി സേനകള്‍ക്ക് ലഭിച്ചത്. ഐറ്റിബിപിയെ ജി-സാറ്റ് സെന്ററിന്റെ നോഡല്‍ ഏജന്‍സിയായി തീരുമാനിച്ച കേന്ദ്രആഭ്യന്തരമന്ത്രാലയ തീരുമാനത്തെ ഐടിബിപി മേധാവി ആര്‍.കെ പച്‌നന്ദ പ്രശംസിച്ചു. പാക്, ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ സമയാസമയങ്ങളില്‍ അറിയാന്‍ പുതിയ സംവിധാനങ്ങള്‍ വഴി സാധിക്കുന്നുണ്ട്. പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, നേപ്പാള്‍, മ്യന്മാര്‍ എന്നീ രാജ്യങ്ങളുമായി 15,000 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയ്ക്കുള്ളത്. പതിമൂന്ന് ഐഎസ്ആര്‍ഒ സാറ്റലേറ്റുകളിലൂടെയാണ് ഈ അതിര്‍ത്തി മേഖലകള്‍ ഇന്ത്യ നിരിക്ഷണത്തില്‍ കൊണ്ടുവന്നത്. ഇരുപതിനായിരം നോട്ടിക്കല്‍ മൈല്‍ നിരീക്ഷണ പരിധിയുള്ള ജി-സാറ്റ് 7 എന്ന രുഗ്മിണി സാറ്റലേറ്റ് വഴി ഇന്ത്യന്‍ മഹാസമുദ്രത്തെ നിരീക്ഷണ പരിധിയില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ നാവികസേനയ്ക്കും സാധിക്കുന്നുണ്ട്.