പല്ലുകള്‍ തിളങ്ങാന്‍

Tuesday 24 October 2017 7:28 pm IST

തുമ്പപ്പൂപോലുള്ള വെളുത്ത പല്ലുകള്‍ എല്ലാവരുടേയും സ്വപ്‌നമാണ്. പക്ഷെ നമ്മുടെ ഭക്ഷണശീലങ്ങളും ശ്രദ്ധക്കുറവും എല്ലാം പല്ലിന്റെ സൗന്ദര്യം കെടുത്തുന്നുണ്ട്. ശരിയായ ദന്തശുചിത്വ ശീലങ്ങളുണ്ടെങ്കില്‍ പല്ലുകളുടെ ഭംഗി നിലനിര്‍ത്താം. ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുക എന്നതാണ് അതിലൊന്ന്. അല്ലെങ്കില്‍ പല്ലുകള്‍ക്ക് മഞ്ഞ നിറം പടരാന്‍ സാധ്യതയുണ്ട്. പല്ലിന്റെ മഞ്ഞ നിറമാണ് അലട്ടുന്ന മറ്റൊരു പ്രശ്‌നം. ഇത് അകറ്റാന്‍ മരക്കരിയും ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക. പല്ലിലെ അണുബാധ തടയുന്നതിന് ചുക്കുപൊടിയും കര്‍പ്പൂരവും ചേര്‍ത്ത് പല്ല് തേയ്ക്കാം. അല്‍പം ബേക്കിങ് സോഡ, കുറച്ച് നാരങ്ങാനീര്, കടുകെണ്ണ, എന്നിവ മിശ്രിതമാക്കി പല്ല് തേയ്ക്കുന്നതും പല്ലകള്‍ വെളുക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ പഴ വര്‍ഗങ്ങള്‍ കഴിച്ചാല്‍ പല്ലുകള്‍ക്ക് ബ്രഷിംഗിന്റെ ഫലം ലഭിക്കാറുണ്ട്. നാരങ്ങാ വര്‍ഗ്ഗത്തിലുള്ള പഴങ്ങള്‍ കഴിച്ചാല്‍ വായില്‍ കൂടുതല്‍ ഉമിനീര് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുവഴി പല്ലിലെ കറകള്‍ നീങ്ങി പല്ലുകള്‍ തിളങ്ങും. വൈറ്റമിന്‍ സി കൂടുതലായി അടങ്ങിയ സ്‌ട്രോബെറി, കിവി തുടങ്ങിയ പഴങ്ങള്‍ മോണയെ ശക്തിപ്പെടുത്തും. പല്ലുകള്‍ക്ക് തിളക്കം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ട് തവണ മാവില കൊണ്ട് പല്ല് തേയ്ക്കാം. ഉമിക്കരി നന്നായി പൊടിച്ച് തള്ളവിരല്‍ കൊണ്ട് അമര്‍ത്തി തേച്ചാല്‍ പല്ലുകള്‍ നേരെയാവും. പച്ചക്കരിമ്പ് കഴിക്കുന്നതിലൂടെ പല്ലിന് നിറവും ബലവും ലഭിക്കും. നാരങ്ങയും ഉപ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് ദിവസവും പല്ലു തേച്ചാല്‍ തിളങ്ങുന്ന പല്ലുകള്‍ ലഭിക്കും. കാപ്പിയും സോഡയും എന്തിന് ചിലതരം മൗത്ത് വാഷുകളും പല്ലില്‍ മഞ്ഞക്കറയുണ്ടാകാന്‍ കാരണമാണ്. അതുകൊണ്ട് തന്നെ ഇവ ഉപേക്ഷിക്കുന്നതാണ് ഉചിതം. മോണരോഗങ്ങള്‍ പ്രതിരോധിക്കാനും പല്ലിന് തിളക്കമേറ്റാനും പാലുല്‍പ്പന്നങ്ങള്‍ നല്ലതാണ്. ഇനാമലിനെ സംരക്ഷിക്കാനും ബലപ്പെടുത്താനും ഇത് നല്ലതാണ്. കട്ടി കൂടിയ പാല്‍പ്പാടയും കട്ടിത്തെരും പല്ലിന് വെളുപ്പ് നല്‍കാന്‍ സഹായിക്കും. എന്തെങ്കിലും കുടിക്കുമ്പോള്‍ പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ സ്‌ട്രോ ശീലമാക്കുക. വൈറ്റമിന്‍ എയാല്‍ സമ്പന്നമായ ബ്രോക്കോളി, കാരറ്റ്, മത്തങ്ങ തുടങ്ങിയവ ഇനാമലിന്റെ സംരക്ഷണത്തിന് നല്ലതാണ്. ഇവ പച്ചക്ക് കഴിക്കുന്നതാണ് നല്ലത്. ഇതുവഴി മോണകള്‍ മൃദുവായി മസാജ് ചെയ്യപ്പെടുകയും പല്ലുകള്‍ക്കിടയിലെ വിടവ് വൃത്തിയാക്കപ്പെടുകയും ചെയ്യും. രണ്ട് മാസത്തിലൊരിക്കല്‍ ബ്രഷ് മാറ്റണം. അല്ലാത്ത പക്ഷം ബ്രഷിലെ നാരുകള്‍ കഠിനമാവുകയും ഇത് ഇനാമലിന് കേടുപാട് ഉണ്ടാക്കുകയും അതുവഴി പല്ലില്‍ കറ വീഴുകയും ചെയ്യും. പല്ലുകളുടെ കരുത്തും ഭംഗിയും കാത്തുസൂക്ഷിക്കുന്നതിന് ശരീരത്തിലെ കാല്‍സ്യത്തിന് നല്ല പങ്കുണ്ട്. കൃത്യമായ ഇടവേളകളില്‍ ദന്ത ഡോക്ടറെ കാണുക. കര്‍പ്പൂര തുളസിയടങ്ങിയ ടൂത്ത്‌പേസ്റ്റുകള്‍ ശീലമാക്കാനും ശ്രദ്ധിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.