അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രി വക ഭൂമിയില്‍ നിന്ന് കഞ്ചാവു ചെടി കണ്ടെത്തി. ദന്തല്‍ കോളജിനു സമീപത്തെ മൈതാനിക്ക് പടിഞ്ഞാറു ഭാഗത്തുനിന്നാണ് ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവു ചെടി എക്സൈസ് സംഘം കണ്ടെത്തിയത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനയകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് എസ്ഐ ഹുനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് കാടിനുളളില്‍ ചെടി കണ്ടെത്തിയത്.
ആറു മാസത്തോളം പ്രായമുള്ള ചെടി മതിലിനോട് ചേര്‍ന്നാണ് വളര്‍ന്നു നിന്നത്. ഇതിന്റെ മുകള്ഭാഗം ഏതാനും നാള് മുമ്പ് ഒടിച്ച നിലയിലാണ്. പിന്നീട് ചെടി പിഴുതെടുത്തു സീല്‍ ചെയ്തു.
മഹസര്‍ തയാറാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്സൈസ് സംഘം അറിയിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് പതിവായി കഞ്ചാവ് ഉപയോഗം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പ്രദേശവാസിയായ യുവാവിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇവിടെ പരിശോധന കര്‍ശനമാക്കുമെന്നും എക്സൈസ് അറിയിച്ചു.
പ്രിവന്റീവ് ഓഫിസര്‍മാരായ ഇ കെ.അനില്‍ ,എ സാബു, സി ഇ ഒ മാരായ മുസ്തഫ, ഫാറൂക്ക്, ശരീഫ്, ടോമിച്ചന് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: