ട്രാക്കില്‍ കിതച്ച് ഉഷാ സ്‌കൂള്‍

Tuesday 24 October 2017 10:36 pm IST

കോട്ടയം: സ്വന്തമായി സിന്തറ്റിക് ട്രാക്കും അടിസ്ഥാന സൗകര്യങ്ങളും ലഭിച്ചിട്ടും മൈതാനം പോലുമില്ലാതെ ഓടിവളര്‍ന്ന താരങ്ങള്‍ക്ക് മുന്നില്‍ ഒളിംപ്യന്‍ പി.ടി. ഉഷയുടെ ശിഷ്യര്‍ക്ക് അടിതെറ്റി. സംസ്ഥാന സ്‌കൂള്‍ കായികോത്സവം പാലായിലേക്ക് എത്തുന്നത് വരെ നിറഞ്ഞുനിന്നത് പി.ടി. ഉഷയും കുട്ടികളുമായിരുന്നു. പതിനഞ്ച് വര്‍ഷത്തിനിടെ നൂറുകണക്കിന് മെഡലുകളാണ് ഇവര്‍ വാരിക്കൂട്ടിയത്. എന്നാല്‍ ഇത്തവണ ഉഷയെ കൂടാതെയെത്തിയ അവര്‍ മങ്ങിപ്പോയി. വി.എസ്. വിസ്മയ നേടിയ വെള്ളി മാത്രമാണ് ആശ്വസം. എട്ട് താരങ്ങളുമായാണ് ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് പൂവമ്പായി സ്‌കൂളിന്റെ പേരില്‍ മത്സരത്തിന് ഇറങ്ങിയത്. ഇവരില്‍ വിസ്മയയും കെ.ടി. ആതിഥ്യയുമാണ് ഫൈനല്‍ റൗണ്ടിലേക്ക് എത്തിയത്. കഴിഞ്ഞ തവണ തേഞ്ഞിപ്പലത്ത് എട്ട് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായിരുന്നു പി.ടി. ഉഷയുടെ ശിഷ്യര്‍ വാരിക്കൂട്ടിയത്. അതേ സമയം മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ പരിശീലനത്തിലൂടെ പൂല്ലൂരാംപാറ സെന്റ്. ജോസഫ് സ്‌കൂള്‍ ഗംഭീര കുതിപ്പാണ് നടത്തി്. ഒന്നുമില്ലായ്മയില്‍ നിന്നുള്ള കുട്ടികളാണ് പുല്ലൂരാംപാറയ്ക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയത്. കോഴിക്കോടിന്റെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതില്‍ ഉജ്ജ്വല പ്രകടനമാണ് ഇവര്‍ നടത്തിയത്. 29 പോയിന്റോടെ അപര്‍ണ്ണ റോയിയും കൂട്ടരും സീനിയറില്‍ ഒന്നാമതായി. സ്‌കൂള്‍ മീറ്റുകളിലൂടെ പി.ടി. ഉഷയുടെ ശിക്ഷണത്തില്‍ മെഡല്‍ വാരിക്കൂട്ടിയത് നിരവധി താരങ്ങളാണ്. ടിന്റു ലൂക്കയും, അശ്വതി മോഹനനും, ഷഹര്‍ബാന സിദ്ദീഖും ജെസിജോസഫും, ജിസ്‌ന മാത്യുവും ഉള്‍പ്പടെ ഒരുപിടി താരങ്ങള്‍. കേരളത്തിലെ ഏതൊരു അക്കാദമിക്കും സ്‌കൂളുകള്‍ക്കും ലഭിക്കാത്ത സൗകര്യങ്ങള്‍ കോടികള്‍ മുടക്കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കി നല്‍കിയിട്ടും ഉഷാ സ്‌കൂളിന്റെ പ്രതാപം നഷ്ടമായതിന്റെ കാരണം കണ്ടത്തേണ്ടി വരും. ഉഷക്കും ശിഷ്യര്‍ക്കും എന്ത് പറ്റിയെന്ന ചോദ്യമാണ് കായികമേള അവസാനിച്ചപ്പോള്‍ സ്‌റ്റേഡിയത്തില്‍ ഉയര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.