സ്‌കൂളില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

Tuesday 24 October 2017 9:33 pm IST

അമ്പലപ്പുഴ: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് കാണാതായി. മണിക്കൂറുകള്‍ക്കു ശേഷം കിലോമീറ്ററുകള്‍ക്കപ്പുറം മറ്റൊരു വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തി. പുന്നപ്ര സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാരയില്‍ സജിത് - രാജലക്ഷ്മി ദമ്പതികളുടെ മകന്‍ കാര്‍ത്തികേയനെയാണ് കാണാതായത്. ഇന്നലെ പരീക്ഷയായതിനാല്‍ ഉച്ചക്ക് ഒന്നരയോടെ സ്‌കൂള്‍ വിട്ടു. എന്നാല്‍ കുട്ടി സ്‌കൂള്‍ വാഹനത്തില്‍ കയറാതിരുന്നത് ശ്രദ്ധിക്കാതെ വാഹനം പോയി. തുടര്‍ന്ന് സ്‌കൂളിനു വെളിയില്‍ എത്തിയ കുട്ടി ഒരു ബൈക്ക് യാത്രികന്റെ സഹായത്താല്‍ കാക്കാഴത്തെത്തി. ഇവിടെയെത്തിയ കുട്ടി ഒരു വീട്ടില്‍ നിന്ന് കുടിവെള്ളം ചോദിച്ചപ്പോള്‍ സംശയം തോന്നിയ വീട്ടുകാര്‍ കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡിലെ രക്ഷകര്‍ത്താവിന്റെ നമ്പരില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പിന്നീട് രക്ഷകര്‍ത്താക്കള്‍ കുട്ടിയുമായി പോലീസ് സ്‌റ്റേഷനിലെത്തി റിപ്പോര്‍ട്ടു ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങി. സ്‌കൂള്‍ അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയാണ് കുട്ടിയെ കാണാതാകാന്‍ കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ സ്‌കൂളില്‍ പതിവാണെന്നും രക്ഷകര്‍ത്താക്കള്‍ പറയുന്നു. കുട്ടിയെ കാണാതായ വിവരം പോലീസിനെയും രക്ഷകര്‍ത്താക്കളെയും അറിയിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ കുറിച്ച് അന്വേഷിക്കാന്‍ പോലും തയാറായില്ല. സെക്യൂരിറ്റി ജീവനക്കാരനുള്ള സ്‌ക്കൂളില്‍ നിന്ന് രണ്ടാം ക്‌ളാസ്സുകാരന്‍ അജ്ഞാതന്റെ ബൈക്കില്‍ കയറി പോയതിലും ദൂരൂഹതയുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തില്‍ പല സ്‌ക്കൂളുകാരും വേണ്ടത്ര ജാഗ്രത പാലിക്കാറില്ലെന്ന് പരാതി ഉയരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.