സെക്രട്ടേറിയറ്റിനു മുന്നില്‍ ശയനപ്രദക്ഷിണ സമരം നടത്തും: മദ്യനിരോധന സമിതി

Tuesday 11 September 2012 11:02 pm IST

തിരുവനന്തപുരം: പഞ്ചായത്തുകളുടെ മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ഇന്നു രാവിലെ 11ന് ശയനപ്രദക്ഷിണ സമരം നടത്തുമെന്ന് മദ്യനിരോധന സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രഖ്യാപിത ജനവിരുദ്ധ മദ്യനയം റദ്ദു ചെയ്യണം. മദ്യ നിരോധനം സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് മുമ്പുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കയല്ലാതെ ഓര്‍ഡിനന്‍സ് ഇറക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.എല്‍ഡിഎഫ് ഭരണകാലത്ത് മദ്യനിരോധന സമിതി സമരം നടത്തവെ ഇന്നത്തെ ഭരണാധികാരികളായ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇക്കാര്യത്തില്‍ നല്കിയ ഉറപ്പുകള്‍ പാലിക്കണം. നിലവില്‍ മന്ത്രിമാര്‍ ഒപ്പിട്ട ഫയലുകള്‍ അട്ടിമറിച്ച് പുതിയ ബില്ലു കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ നീക്കം. നിയമസഭാ കാലം കഴിച്ചു കൂട്ടി ബില്‍ ഓര്‍ഡിനന്‍സാക്കാനാണ് തുനിയുന്നത്. ഇത് എന്തു വില കൊടുത്തും തടഞ്ഞേ തീരൂ. അവര്‍ ചൂണ്ടിക്കാട്ടി. ഓര്‍ഡിനന്‍സിലൂടെ അബ്കാരി ഏജന്റുമാരായ എക്‌സൈസ് ഉദ്യോഗസ്ഥരും അവര്‍ക്കു കുട പിടിക്കുന്ന മന്ത്രിയും ചേര്‍ന്ന് ഒത്തുകളിക്കുകയാണ്. ഇപ്പോള്‍ മുസ്ലീംലീഗും ഇക്കാര്യത്തില്‍ ഇവരോട് ചേര്‍ന്നിരിക്കുകയാണ്. ശയനപ്രദക്ഷിണ സമരം ളാഹ ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തും. സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, റവ.ഡോ.പ്ലാസിഡ്, കെ.പി.ദുര്യോധനന്‍, പ്രൊഫ.സി.മാമ്മച്ചന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.