വന്‍മരങ്ങള്‍ കടപുഴകി

Tuesday 24 October 2017 10:35 pm IST

1. ജൂനിയര്‍ ബോയ്‌സ് 800 മീറ്ററില്‍ റെക്കോഡിട്ട അഭിഷേക് മാത്യു 2. ലോങ്ങ്ജംപില്‍ ദേശീയ റെക്കോഡ് മറികടന്ന സാന്ദ്ര ബാബു

കോട്ടയം: എറണാകുളത്തിന്റെ സമഗ്രാധിപത്യം അരക്കിട്ട് ഉറപ്പിച്ച സ്‌കൂള്‍ കായികോത്സവത്തിനാണ് പാലായില്‍ കൊടിയിറങ്ങിയത്. മുന്‍ വര്‍ഷത്തേതുപോലെ ചാമ്പ്യന്‍ ജില്ല ആരെന്ന് അറിയാനുള്ള ഫോട്ടോ ഫിനിഷിന്റെ ആവേശം ഈ മേളയില്‍ ദര്‍ശിക്കാനായില്ല.

രണ്ടാം ദിനത്തില്‍ ഒരു പോയിന്റിന് പാലക്കാട് മേല്‍ക്കൈ നേടിയത് ഒഴിച്ചാല്‍ എറണാകുളത്തിന്റെ തേരോട്ടമായിരുന്നു . എറണാകുളത്തിന്റെ കുതിപ്പിനെ നയിച്ച കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍ പദവിയും കാത്തു. കാല്‍ നൂറ്റാണ്ടും മൂന്ന് പതിറ്റാണ്ടും ഇളകാതെ നിന്ന റെക്കോഡുകള്‍ പഴങ്കഥയായ മേളയാണിത് കായിക കരുത്ത് വിളിച്ചറിയിച്ച് പുത്തന്‍ സ്‌കൂളുകളുടെ രംഗപ്രവേശമാണ് എടുത്ത് പറയേണ്ട സവിശേഷത.

പടര്‍ന്ന് പന്തലിച്ച പല വന്മരങ്ങള്‍ കടപുഴകിവീണു. നിരവധി അന്തര്‍ദേശീയ, ദേശീയ താരങ്ങളെ സംഭാവന ചെയ്ത സ്‌കൂളുകളും അക്കാദമികളും കിതച്ചു. ഉഷാ സ്‌കൂളിലെ കുട്ടികള്‍ ഉള്‍പ്പെട്ട പൂവമ്പായി സ്‌കൂള്‍, മുണ്ടൂര്‍ സ്‌കൂള്‍, കോതമംഗലം സെന്റ്. ജോര്‍ജ് എന്നിവയുടെ കാര്യം എടുത്ത് പറയേണ്ടതാണ്്. പാലായില്‍ പാലക്കാട് ജില്ലയുടെ ‘കാറ്റു വീഴ്ചയ്ക്ക്’ മുഖ്യകാരണം പരമ്പരാഗത ശക്തികളായ സ്‌കൂളുകള്‍ പിന്നോട്ട് പോയതാണ്.

കഴിഞ്ഞ രണ്ട് വര്‍ഷവും 200 പോയിന്റിന് മുകളില്‍ സ്വന്തമാക്കിയ പാലക്കാടിന് പാലായില്‍ 185 പോയിന്റില്‍ ഒതുങ്ങേണ്ടി വന്നു. 22 സ്വര്‍ണ്ണവും 14 വെള്ളിയും 24 വെങ്കലവുണ് നേടിയത്. പറളി , കല്ലടി സ്ൂകളുകള്‍ മൂന്നും നാലും സ്ഥാനത്ത് എത്തിയെങ്കിലും പി.യു. ചിത്രയെ സംഭാവന ചെയ്ത മുണ്ടൂര്‍ സ്‌കൂളിന് ആദ്യ പത്തില്‍ ഒടുവില്‍ എത്താനെ സാധിച്ചുള്ളു. മുന്‍ വര്‍ഷം മുണ്ടൂര്‍ സ്‌കൂള്‍ അഞ്ചാമതായിരുന്നു.

മാര്‍ ബേസിലിനൊപ്പം എറണാകുളത്തിന് കരുത്ത് പകര്‍ന്ന മാതിരപ്പള്ളി, മണീട് സ്‌കൂളുകള്‍ പ്രതീക്ഷപകരുന്ന പ്രകടനമാണ് നടത്തിയത്. ഇത്തവണത്തെ മേളയിലൂടെ ശ്രദ്ധേയമായ സ്‌കൂളാണ് മണീട്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഒരു റെക്കോഡ് ഉള്‍പ്പെടെ രണ്ട് സ്വര്‍ണ്ണം നേടിയ കെ.എം. ശ്രീകാന്ത് ഈ സ്‌കൂളിന്റെ സംഭാവനയാണ്.

കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തയായിരുന്ന കോതമംഗലം സെന്റ് ജോര്‍ജ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗംഭീര കുതിപ്പ് നടത്തി കോഴിക്കോട് പുല്ലൂരാംപാറ സെന്റ്. ജോസഫ് എച്ചഎസ്എസ് രണ്ടാം സ്ഥാനത്ത് വന്നു . പെണ്‍കരുത്താണ് പുല്ലൂരാംപാറയ്ക്ക് തുണയായത്. മറ്റൊരു എടുത്തുപറയത്തക്ക പ്രകടനം നടത്തിയത് തിരുവനന്തപുരം സായിയിലെ കുട്ടികളാണ്. പോയിന്റ് നിലയില്‍ തിരുവനന്തപുരത്തെ നാലാമത് എത്തിച്ചത് സായിയിലെ കുട്ടികളാണ്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ തിരുവനന്തപുരം 25വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്തപ്പോള്‍ മേളയുടെ അവസാന ദിവസം മൂന്ന് പതിറ്റാണ്ട് മുമ്പത്തെ റെക്കോഡ് തകര്‍ത്ത് തിരുവനന്തപുരം സായിയിലെ സി. അഭിനവ് മേളയിലെ സൂപ്പര്‍ താരമായി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിലാണ് റെക്കോഡ് തകര്‍ന്നത്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ 400 മീറ്ററില്‍ പന്ത്രണ്ട് വര്‍ഷത്തെ റെക്കോഡ് തകര്‍ക്കുകയും 800 മീറ്ററില്‍ മീറ്റ് റെക്കോഡിടുകയും ചെയ്ത അഭിഷേക് മാത്യു, ലോംങ്ജംപില്‍ ദേശീയ റെക്കോഡ് മറികടന്ന പ്രകടനം നടത്തിയ മാതിരപ്പള്ളി സ്‌കൂളിലെ സാന്ദ്ര ബാബു, സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോഡ് മറികടന്ന എ. അനസ്, സീനിയര്‍ പെണ്‍കുട്ടികളില്‍ ഹൈജമ്പില്‍ ദേശീയ റെക്കോഡ് ഭേദിച്ച ജിഷ്ണ എം, ഈ മേളയിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ്ണത്തിന് ഉടമയായ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പി തുടങ്ങിയവര്‍ കായിക കേരളത്തിന്റെ പ്രതീക്ഷകളാണ്.

പുതിയ ട്രാക്ക് ഗുണമായി

അടുത്തകാലത്ത് കണ്ടതില്‍ മികച്ചതായിരുന്നു പാലായിലേത്. പുതിയ ട്രാക്ക് ഗുണം ചെയ്തു. മറ്റു കായികോത്സവങ്ങളെ അപേക്ഷിച്ച് ഒരുപാട് താരങ്ങളുടേയും പരിശീലകരുടേയും ഉയര്‍ച്ചകണ്ട കായികോത്സവം കൂടിയാണിത്. ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണിത്. അവര്‍ ഇനി ശ്രദ്ധിക്കേണ്ടത് കുട്ടികളെ എങ്ങനെ ശാസ്ത്രീയമായി പരിശീലിപ്പിക്കാന്‍ കഴിയുമെന്നാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളുടെ പ്രകടനം സബ് ജൂനിയര്‍ തലത്തില്‍ മാത്രമേ കാണാന്‍ കഴിയൂ. പിന്നീട് നമ്മുടെ താരങ്ങളുമായി മത്സരിക്കാന്‍ അവര്‍ക്ക് സാധിക്കില്ല.

പി.ഐ. ബാബു
മാതിരപ്പള്ളി ജിവിഎച്ച്എസ്എസ് പരിശീലകന്‍

എല്ലാംകൊണ്ടും മികച്ച കായികോത്സവമായിരുന്നു പാലായിലേത്. റെക്കോഡുകള്‍ നിരവധി തകര്‍ക്കപ്പെട്ടു. വ്യക്തിഗത ചാംപ്യന്മാരും ഉയര്‍ന്ന് വന്നു. വയസ് തിരിച്ചുള്ള ആദ്യ കായികോത്സവമായിരുന്നിത്. മാര്‍ ബേസിലിന്റെ കാര്യത്തില്‍ അനുകൂല ഘടകമായിരുന്നിത്. പി. അഭിഷയുടെ കാര്യം മാത്രം പരിശോധിച്ചാല്‍ മതി. ഈ വര്‍ഷം ജൂനിയര്‍ താരങ്ങള്‍ക്കൊപ്പം മത്സരിക്കേണ്ട താരമായിരുന്നു അവള്‍. എന്നാല്‍ വയസ് അടിസ്ഥാനമായപ്പോള്‍ അവര്‍ക്ക് സബ് ജൂനിയറില്‍ തന്നെ മത്സരിക്കാന്‍ കഴിഞ്ഞു. സംഘാടനത്തിലും പാലായിലെ കായികമേള മികച്ച് നിന്നു. മികച്ച സൗക്യങ്ങളാണ് പാലാ ഗ്രീന്‍ ഫീല്‍ഡ് മൈതാനത്തില്‍ ഒരുക്കിയിരുന്നത്. കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രം.

ഷിബി മാത്യു
(മാര്‍ ബേസില്‍ പരിശീലക)

വേണ്ടത്ര സമയം കിട്ടിയില്ലെന്നുള്ളത് മാത്രമാണ് പാലക്കാടിന്റെ പരാജയ കാരണം. സംസ്ഥാന സ്‌കൂള്‍ കായികോത്സവം തുടങ്ങുന്നതിന്റെ ഒരു ദിവസം മുന്‍പ് മാത്രമാണ് പാലക്കാട് ജില്ലാ മത്സരങ്ങള്‍ അവസാനിച്ചത്. പാലാ മീറ്റില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് വിശ്രമം ലഭിച്ചില്ല. സാധാരണ കായികമേളകള്‍ നടക്കുന്നത് ഡിസംബര്‍ മാസങ്ങളിലാണ്. അങ്ങനെ ആയിരുന്നെങ്കില്‍ ഒരാപാട് സമയം ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ നേരത്തെ ആയിപോയി. കൂടാതെ മഴയും പരീശീലത്തെ നന്നായി ബാധിച്ചു. എല്ലാംകൊണ്ടും തകര്‍പ്പന്‍ ചാംപ്യന്‍ഷിപ്പായിരുന്നു പാലായിലേത്.

മനോജ്
(പറളി എച്ച്എസ് പരിശീലകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.