മെഡിക്കല്‍ കോളേജില്‍ ആധുനിക സ്‌കാനിങ് മെഷീന്‍ സ്ഥാപിക്കുന്നു

Tuesday 24 October 2017 10:24 pm IST

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിലെ നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നു. 5.31 കോടി രൂപ മുടക്കിയാണ് ഇത് സ്ഥാപിക്കുന്നത്. 128 സ്റ്റാറ്റിക് സിടി സ്‌കാന്‍ മെഷീന്‍ സ്ഥാപിക്കുന്നതോടെ രോഗികള്‍ക്ക് ഏറെ സഹായകമാവും. നിലവില്‍ നിലവാരം കുറഞ്ഞ സ്‌കാനിംഗ് യന്ത്രമാണിവിടെ ഉള്ളത്. മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനക്ക് എത്തിയപ്പോള്‍ ഇതില്‍ മോശമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 15സ്ലൈസ്ഡ് സ്‌കാനിംഗ് യന്ത്രം വേണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 128 സ്ലൈസ്ഡ് സിടി സ്‌കാന്‍ വാങ്ങാനാണ് ഇപ്പോള്‍ അനുമതി. ഇതോടെ ഈ വിഷയത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സീറ്റിന്റെ അംഗീകാര പ്രശ്‌നത്തിനും പരിഹാരമാകും. മെഡിക്കല്‍ കോളേജിന്റെ നവീകരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച 8 പദ്ധതികള്‍ക്കാണ് ഇപ്പോള്‍ തുക അനുവദിച്ചത്. പുതിയ അത്യാഹിത വിഭാഗത്തില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 1.89കോടിയും പഴയ കാര്‍ഡിയോളജി ഒന്നാം വാര്‍ഡില്‍ ശ്വാസകോശ രോഗചികിത്സാ വിഭാഗത്തിന് ആധുനിക റെസ്പിറേറ്ററി തീവ്രപരിചരണ വിഭാഗത്തിന് 59.3ലക്ഷവും, ഗൈനക്കോളജി തീവ്രപരിചരണ വിഭാഗത്തില്‍ ലേബര്‍ റൂം നവീകരണത്തിന് 86ലക്ഷവും ഉപകരണങ്ങള്‍ക്കായി 17.9ലക്ഷവുംഅനുവദിച്ചു. നവജാതശിശു വിഭാഗത്തിന് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 37.49ലക്ഷവും നെഫ്രോളജി തീവ്രപരിചരണ വിഭാഗത്തിന് 53.45ലക്ഷവും ഓര്‍ത്തോ വിഭാഗത്തിന് സിയാം മെഷീന്‍ സ്ഥാപിക്കുവാന്‍ 10ലക്ഷവും നീക്കിവച്ചിട്ടുണ്ട്. ഇതുകൂടാതെ എക്‌സറേ യന്ത്രം വാങ്ങുന്നതിനായി 1.5കോടി ആരോഗ്യമന്ത്രിയും അനുവദിച്ചു. മെഡിക്കല്‍ കോളേജിലെ 180 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം തുലാസിലായതോടെയാണ് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയത്. മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഇല്ലെന്ന് കണ്ടെത്തിയിരുന്നു.മതിയായ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ സീറ്റുകളില്‍ പ്രവേശനം നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന് മെഡിക്കല്‍ കൗണ്‍സില്‍ കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ ഉപകരണങ്ങളുടെ നവീകരണത്തിന് ഉള്‍പ്പെടെ തുക അനുവദിച്ചത്. അതേ സമയം ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിന് അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കാന്‍ ഈ തുക അപര്യാപ്തമാണ്. 65 കിടക്കകള്‍ ഉള്ള സ്ത്രീകളുടെ വാര്‍ഡില്‍ 150 പേരെ വരെയാണ് കിടത്തുന്നത്.ഡേ#ാക്ടര്‍മാരുടെ 60 തോളം തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.