ചാണക്യദര്‍ശനം

Sunday 17 July 2011 12:08 am IST

ദൃഷ്ടിപുതം ന്യസേല്‍ പാദം വസ്ത്രപൂതം പിബേജ്ജലം ശാസ്ത്രപൂതം വിദേദ്‌ വാക്യം മനഃ പൂതം സമാചരേല്‍ ശ്ലോകാര്‍ത്ഥം "ഓരോ കാലുവയ്ക്കുമ്പോഴും കണ്ണുണ്ടാകണം, ഓരോ തവണ ജലപാനം ചെയ്യുമ്പോഴും വസ്ത്രം കൊണ്ടുമൂടണം. ഓരോ വാക്കു പറയുമ്പോഴും അത്‌ ശാസ്ത്രദൃഷ്ട്യാ ശരിയായിരിക്കണം. ഓരോ ആചാരത്തിലും ഓരോ കര്‍മ്മമാചരിക്കുമ്പോഴും അതില്‍ മനസ്സുറപ്പിക്കണം." ഒരാള്‍ എപ്പോഴും കണ്‍തുറന്നുകാണണം, ശുദ്ധജലം കുടിക്കണം, നല്ലവാക്കുപറയണം, ഏത്‌ കര്‍മവും മനസ്സിനിഷ്ടപ്പെടണം. അധികവിവരണം ആവശ്യമില്ല. അടി തെറ്റിയാല്‍ ആനയും വീഴും എന്ന പഴഞ്ചൊല്ലുപോലും കണ്‍തുറന്നുകാണണം എന്ന ശൈലിയുടെ മറ്റൊരു വ്യാഖ്യാനമാണ്‌. പളുങ്കുപാത്രം പോലെ തൊട്ടാല്‍ പൊട്ടുന്ന ഒന്നാണ്‌ ജീവിതം. അശ്രദ്ധമായി വ്യവഹിച്ചാല്‍ ഒരു കാല്‍ പിഴച്ചാല്‍ എന്തിന്‌ ഒരു വാക്കു പിഴച്ചാല്‍ പോലും ചില ജീവിതങ്ങള്‍ തകര്‍ന്നുപോയെന്നുവരും. (നമ്മുടെ രാജവീഥികളുടെ ഇരുഭാഗത്തുമുള്ള ഓടകളെക്കുറിച്ച്‌ ചാണക്യനെങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞു.) കുടിക്കുന്ന വെള്ളത്തില്‍ വായുവില്‍ നിന്നും കൃമികീടങ്ങള്‍ വീഴാതിരിക്കാന്‍ ആ ജലം വസ്ത്രം കൊണ്ട്‌ മൂടുക. വായില്‍ തോന്നുന്നത്‌ എന്തും വിളിച്ചുപറയുന്ന സ്വഭാവം അനേകം ആപത്തുകള്‍ വിളിച്ചുവരുത്താന്‍ ഇടനല്‍കും. ബുദ്ധിമാന്മാര്‍ ശ്രദ്ധിച്ചേ സംസാരിക്കൂ. ആചാരാനുഷ്ഠാനങ്ങളിലേക്ക്‌ കടക്കുമ്പോഴും ഈ നിഷ്കര്‍ഷ ആവശ്യമാണ്‌. ആചാരത്തിന്റെ ആവശ്യം അത്‌ എങ്ങനെ അനുഷ്ഠിക്കണമെന്നുള്ള വിവരം, ഫലമെന്തെന്നുള്ള വിചിന്തനം. ഇതെല്ലാം മനസ്സിലാക്കണം.