വണ്ടിപ്പെരിയാറില്‍ രണ്ട് ഓട്ടോറിക്ഷയും കാറും കത്തിനശിച്ചു

Tuesday 24 October 2017 11:46 pm IST

വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് കത്തിനശിച്ച ഓട്ടോറിക്ഷകളും കാറും

ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് തുറസായ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷയും ഒരു കാറും തിങ്കളാഴ്ച രാത്രി കത്തിനശിച്ചു. സംഭവത്തില്‍ ദുരൂഹത. ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ താമസക്കാരായ മണിയുടേതാണ് ഒരു കാറും ഓട്ടോറിക്ഷയും. ഇതേ എസ്റ്റേറ്റിലെ തന്നെ ശാരദഭവനില്‍ വി. ഗിരീഷിന്റെതാണ് രണ്ടാമത്തെ ഓട്ടോറിക്ഷ. എംഎംജെ തേയില ഫാക്ടറിയുടെ പഴയ കെട്ടിടത്തിന് മുന്നിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്.

രാത്രി 11.30യോടെ വണ്ടിപ്പെരിയാറില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന യുവാവാണ് തീ കത്തുന്നത് ദൂരെനിന്ന് കാണുന്നത്. ഇയാള്‍ എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനെ വിവരം അറിയിച്ചു. പീരുമേട്ടില്‍ നിന്ന് അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മൂന്ന് വാഹനങ്ങളും ഒരേ പോലെ നിന്നാണ് കത്തിയത്. തീ പിടിച്ചതാണെങ്കില്‍ ഇത്തരത്തില്‍ കത്താന്‍ സാധ്യതയില്ലെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പീരുമേട് എസ്‌ഐ സജിത് ലാലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വാഹന ഉടമസ്ഥര്‍ ഇരുവരും ഇടത് മുന്നണി പ്രവര്‍ത്തകരാണ്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.