ബുള്ളറ്റ് ട്രെയിനുകള്‍ റെയില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും: ഡോ. ശ്രീധരന്‍

Wednesday 25 October 2017 12:53 am IST

കൊച്ചി: ഇന്നത്തെ റെയില്‍വേയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ബുള്ളറ്റ് ട്രെയിനുകളുടെ വരവ് സഹായകമാവുമെന്ന് ഡോ. ഇ. ശ്രീധരന്‍. കൊങ്കണ്‍ പദ്ധതി, ദല്‍ഹി മെട്രോ, കൊച്ചി മെട്രോ എന്നിവ ഇതിനുദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച രണ്ടാമത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക പ്രഭാഷണത്തില്‍ 'പദ്ധതി നിര്‍വ്വഹണത്തിലെ നൈതികതയും മൂല്യങ്ങളൂം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയിലെ യാത്രക്കൂലി സഹിക്കാവുന്നതേയുള്ളു. ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് അനുഗുണമാണ്. അപകടങ്ങള്‍ കുറയ്ക്കുന്നു. ഇന്ധനചെലവ് കുറയ്ക്കുന്നു, സമയ ലാഭമുണ്ടാക്കുന്നു. ലാഭകരമായ ഈ വശങ്ങള്‍ കൂടി പരിഗണിച്ചു വേണം മെട്രോയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനെന്നദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ ജനങ്ങള്‍ ഈ ആശയം ഉള്‍ക്കൊണ്ട് കഴിഞ്ഞു. മൂന്ന് ലക്ഷം ടണ്‍ ക്രൂഡോയിലാണ് ദല്‍ഹി മെട്രോയുടെ പിറവിയിലൂടെ നാടിന് ലാഭമായത്. 30 ലക്ഷം ജനങ്ങളാണ് മെട്രോയില്‍ ദിവസവും യാത്രചെയ്യുന്നത്. അപകടങ്ങള്‍ കറഞ്ഞു. മൂന്ന് മിനുറ്റില്‍ ഒരു ട്രെയിന്‍ എന്നാണ് ലോക നിലവാരമെങ്കില്‍ ദല്‍ഹിയില്‍ മിനിറ്റില്‍ ഒരു ട്രെയിനാണ് സര്‍വ്വീസ് നടത്തുന്നത്. കൃത്യനിഷ്ഠയും സാമൂഹ്യപ്രതിബദ്ധതയും സത്യസന്ധതയും കാര്യക്ഷമതയും ഒത്തുചേര്‍ന്നാല്‍ മാത്രമേ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയൂ. സാമൂഹ്യ പ്രതിബദ്ധതയാണ് ഏറ്റവും പ്രധാനമായ മൂല്യം. കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുക്കല്‍ 12 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇതില്‍ 90 ശതമാനവും സ്ഥലമുടമകളുടെ അനുമതിയോടെ ആയിരുന്നുവെന്നത് പദ്ധതിക്ക് ഏറെ നേട്ടമായി. പദ്ധതി നിര്‍വഹണത്തില്‍ കൃത്യനിഷ്ഠക്ക് ഏറെ പ്രാധാന്യമുണ്ട്. ദല്‍ഹി മെട്രോ ഇതിന് മികച്ച ഉദാഹരണമാണ് ശ്രീധരന്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡണ്ട് ഇ എന്‍ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ബി പ്രകാശ്ബാബു, കണ്‍വീനര്‍ ജോബി ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഇ എം ഹരിദാസ്, സാഹിത്യോത്സവ ഡയറക്ടര്‍ എം ശശിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.