അധികൃതരുടെ അനാസ്ഥ; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ചെമ്മാട് ടൗണ്‍

Wednesday 25 October 2017 11:44 am IST

ചെമ്മാട്: ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്ന ചെമ്മാട് ടൗണ് കൂടുതല്‍ കുരുക്കിലായി. താലൂക്കാശുപത്രി റോഡില്‍ നഗരസഭാ കെട്ടിടം പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ തള്ളിയതാണ് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കിയത്. ഒന്നരമാസത്തോളമായി കെട്ടിടം പൊളിക്കാന്‍ തുടങ്ങിയിട്ട്. പകുതിപോലും കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ റോഡിലേക്ക് തള്ളിയിരിക്കുകയാണ്. ഇത് നീക്കം ചെയ്യാത്തതു കാരണം ഇവിടെ എപ്പോഴും ഗതാഗതക്കുരുക്കാണ്. ടൗണിലെ ഏറ്റവും തിരക്കുപിടിച്ച റോഡാണിത്. താലൂക്കാശുപത്രി, സിഐ ഓഫിസ്, റജിസ്ട്രാര്‍ ഓഫിസ്, റസ്റ്റ് ഹൗസ് എന്നിവിടങ്ങളിലേക്കുള്ള റോഡും കക്കാട് ഭാഗത്തുനിന്നും കൊടിഞ്ഞി ഭാഗത്തു നിന്നും ചെമ്മാട് ടൗണിലേക്കെത്താനുള്ള റോഡുമാണിത്. ഇതിനാല്‍ വാഹനത്തിരക്കും കാല്‍നടയാത്രക്കാരും ഏതു സമയവും ഉണ്ടാകും. വീതികുറഞ്ഞ റോഡില്‍ ഏതുസമയവും ഗതാഗതക്കുരുക്കാണ്.ഇപ്പോള്‍ റോഡില്‍ അവശിഷ്ടങ്ങള്‍ കൂടി തള്ളിയതോടെ ഇത് ഇരട്ടിയായിരിക്കുകയാണ്. മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍പോലും സ്ഥലമില്ല. അധികൃതര്‍ കാണാത്ത ഭാവം നടിക്കുകയാണ്. കെട്ടിടം പൊളിച്ചു കഴിയുവോളം ഇത് സഹിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.