കൊച്ചി മെട്രോ: നൂതന സാങ്കേതികവിദ്യയെക്കുറിച്ച്‌ പഠിക്കാന്‍ സമിതി

Tuesday 11 September 2012 10:43 pm IST

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ ഏറ്റവും നൂതനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ചു പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പുതിയ സമിതിക്കു രൂപം നല്‍കി. ഡല്‍ഹി, ബാംഗളൂര്‍, ചെന്നൈ മെട്രോകളില്‍ ഉപയോഗിക്കുന്നതും അതിനേക്കാള്‍ നവീനവുമായ സാങ്കേതിക വിദ്യകളെക്കുറിച്ചു പഠിക്കാനാണ്‌ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ (കെഎംആര്‍എല്‍) ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം നാലംഗ പ്രത്യേക സമിതിയെ തെരഞ്ഞെടുത്തത്‌. കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ യോഗം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. പുനസംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രഥമയോഗമാണ്‌ ഇന്നലെ കൊച്ചിയില്‍ നടന്നത്‌. കെഎംആര്‍എല്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഏല്യാസ്‌ ജോര്‍ജിന്റെ നേതൃത്വത്തിലാകും നൂതന സാങ്കേതിക വിദ്യയെക്കുറിച്ചു പഠിക്കാനുള്ള സമിതി പ്രവര്‍ത്തിക്കുക. ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു ഡിഎംആര്‍സി ഡയറക്ടര്‍ ജിതേന്ദ്ര ത്യാഗി, എ.കെ ഗുപ്ത, ജില്ലാ കളക്ടര്‍ പി.ഐ ഷേക്പരീത്‌ എന്നിവരാണ്‌ മറ്റു അംഗങ്ങള്‍. ഡല്‍ഹിയുള്‍പ്പടെ വിവിധ മെട്രോകളില്‍ സന്ദര്‍ശനം നടത്തുന്ന സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ഭാവിയില്‍ കൊച്ചിയുടെ വികസനത്തെ മുന്നില്‍ക്കണ്ട്‌ പുത്തന്‍ സാങ്കേതികസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതയെക്കുറിച്ചാകും സമിതി പഠനം നടത്തുകയെന്നു കെഎംആര്‍എല്‍ ചെയര്‍മാന്‍ ഡോ.സുധീര്‍ കൃഷ്ണ പറഞ്ഞു. എം.ഡിയുടെയും മറ്റു ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളുടെയും അധികാരങ്ങളെ സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനു നാലംഗസമിതിയെ യോഗം ചുമതലപ്പെടുത്തി. മാനേജിംഗ്‌ ഡയറക്ടര്‍ക്കു പുറമേ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി ജോയ്‌, ബാംഗളൂര്‍ മെട്രോ ഡയറക്ടര്‍ ഡി.ഡി പഹൂജ, ജിതേന്ദ്ര ത്യാഗി എന്നിവരും കമ്മിറ്റിയിലുണ്ട്‌. മാറിയ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു ഉടന്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും. 1995 ല്‍ നിശ്ചയിച്ച റൂട്ടാണ്‌ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. എന്നാല്‍ ഭാവിയില്‍ കൊച്ചി നഗരത്തിന്റെ വികസനസാധ്യതകള്‍ കൂടി പരിഗണിച്ചു ഇതു കൂടുതല്‍ വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ്‌ ശുപാര്‍ശ. നെടുമ്പാശേരി വിമാനത്താവളത്തിലേക്കും കാക്കനാട്ടേക്കും മെട്രോ നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. ഡിഎംആര്‍സിയുമായി ധാരണാപത്രം ഒപ്പിടുന്നതു സംബന്ധിച്ചു ഒക്ടോബറില്‍ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനമെടുക്കുമെന്നു യോഗത്തിനു ശേഷം ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ അറിയിച്ചു. ധാരണാപത്രം ഒപ്പിടുന്നതു വൈകുന്നതു പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. മെട്രോയുടെ ലോഗോ സംബന്ധിച്ചു തര്‍ക്കങ്ങളൊന്നുമില്ല. പദ്ധതിക്കുവേണ്ടി സ്വകാര്യ പങ്കാളിത്തം തേടുന്നതിനെക്കുറിച്ചു ഇതുവരെ ആലോചനയില്ല. കൊച്ചി മെട്രോയെ ജലഗതഗാത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള സാധ്യതകളെക്കുറിച്ചു എമര്‍ജിംഗ്‌ കേരളയില്‍ നിര്‍ദേശമുണ്ടായാല്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.