തളിപ്പറമ്പ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് നയിക്കുന്ന പടയൊരുക്കം പരിപാടി ബഹിഷ്കരിക്കാന്‍ തളിപ്പറമ്പില്‍ മുസ്ലീം ലീഗ് തീരുമാനം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേരേണ്ടിയിരുന്ന യുഡിഎഫിന്റെ യോഗം മാറ്റിവെക്കുകയായിരുന്നു. പടയൊരുക്കത്തിന്റെ മുന്നൊരുക്കം ചര്‍ച്ചചെയ്യാനായിരുന്നു യോഗം വിളിച്ചിരുന്നത്. കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞടുപ്പില്‍ മുസ്ലീം ലീഗ് വിമതയെ കോണ്‍ഗ്രസിലെ ചില പഞ്ചായത്തംഗങ്ങള്‍ പിന്തുണച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. സിപിഎം സിപിഐ ബിജെപി കക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസിലെ ചില അംഗങ്ങളുടെയും പിന്തുണയോടെയാണ് ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിമത പ്രസിഡണ്ടായത്. വിമത സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടും ഒരുനടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പടയൊരുക്കം പരിപാടിയുടെ തളിപ്പറമ്പ് മണ്ഡലം പരിപാടി ബഹിഷ്കരിക്കാന്‍ ലീഗ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: