അസംസ്വദേശിയുടെ കൊലപാതകം: പിതൃസഹോദര പുത്രന്‍ പിടിയില്‍

Tuesday 11 September 2012 10:44 pm IST

പെരുമ്പാവൂര്‍: അന്യസംസ്ഥാത തൊഴിലാളിയായ അസം സ്വദേശി തഫാജുല്‍ ഇസ്ലാം (ഷുക്കൂര്‍ 28) നെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിപിടിയിലായി. ഷുക്കൂറിന്റെ പിതൃസഹോദര പുത്രനും അസാം സ്വദേശിയുമായ മുഹമ്മദ്‌ റഷീദുല്‍ ഇസ്ലാം (26) ആണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞ ശനിയാഴ്ച രാത്രി വെങ്ങോല പുളിയാമ്പിള്ളിയിലുള്ള ചങ്ങഞ്ചേരി മുഹമ്മദ്‌ കുഞ്ഞിന്റെ വേസ്റ്റ്‌ ഗോഡൗണില്‍ വച്ചാണ്‌ സംഭവം ഉണ്ടായ്‌. മരിച്ചയാളും പ്രതിയും ഇവിടത്തെ തൊഴിലാളികളാണ്‌. ഇവര്‍ക്ക്‌ അനധികൃതമായി ലഭിച്ചിരുന്ന പണത്തിന്റെ വിഹിതത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. ഇത്‌ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായും തലക്കടിച്ച്‌ കൊലപ്പെടുത്താനുപയോഗിച്ച വീല്‍ സ്പാനര്‍ കണ്ടെടുത്തതായും പോലീസ്‌ പറഞ്ഞു. വര്‍ഷങ്ങളായി മുഹമ്മദ്‌ കുഞ്ഞിന്റെ ജോലിക്കാരനും ഇപ്പോള്‍ മാനേജരുമായ പ്രതി മറ്റ്‌ കമ്പനികളില്‍ നിന്നും ശേഖരിക്കുന്ന വേസ്റ്റിനൊപ്പം വിലപിടിപ്പുള്ള സാധനങ്ങളും കടത്തികൊണ്ടുവരുന്നത്‌ പതിവായിരുന്നു. 6 മാസംമുമ്പ്‌ ജോലിക്കെത്തിയ ഷുക്കൂര്‍ ഇങ്ങനെ കൊണ്ടുവരുന്ന സാധനങ്ങള്‍ വിറ്റുകിട്ടുന്നതിന്റെ വിഹിതം ആവശ്യപ്പെട്ടതായും തുടര്‍ന്നുണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതും. കൊലക്ക്‌ ശേഷം കുളികഴിഞ്ഞ്‌ വസ്ത്രങ്ങള്‍ മാറി ഉറങ്ങിയ പ്രതിയുടെ മാറ്റിയ വസ്ത്രത്തില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന്‌ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ കുറ്റം സമ്മതിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സിഐ വി.റോയിയും സംഘവുമാണ്‌ പ്രതിയെ പിടികൂടിയത്‌. അസി എസ്‌.ഐ.അബ്ദുള്‍ കരീം, എസ്‌ഐ മാരായ റെജിവര്‍ഗീസ്‌, സുകുമാരന്‍, രവി, എഎസ്‌ഐ വിജയന്‍, സീനിയര്‍ സിപിഒ മാരായ ഇബ്രാഹിം ഷുക്കൂര്‍, ബദര്‍, പ്രസാദ്‌ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ്‌ അറിയിച്ചു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട്‌ ജില്ലാ ജയിലിലേക്ക്‌ റിമാന്റ്‌ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.