നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

Wednesday 25 October 2017 9:21 pm IST

ആലപ്പുഴ: തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി. അംഗങ്ങള്‍ പരസ്പരം കസേര കൊണ്ടടിച്ചു. അക്രമത്തില്‍ പരിക്കേറ്റ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗം നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് പിരിഞ്ഞു. ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് നടപടിയെടുത്ത നാല് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനയിലെ അറുപതോളം ജീവനക്കാര്‍ എട്ടോളം ദിവസം സമരം ചെയ്തിരുന്നു. സപ്തംബര്‍ മാസം ഇവര്‍ 22 ദിവസം മാത്രമാണ് ജോലി ചെയ്തത്. ഇവര്‍ക്ക് 22 ദിവസത്തെ ശമ്പളം മാത്രം നല്‍കിയാല്‍ മതിയെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചെയര്‍മാന്റെ നിര്‍ദ്ദേശം തള്ളിയ നഗരസഭാ സെക്രട്ടറി ഒരു മാസത്തെ ശമ്പളം നല്‍കുകയായിരുന്നു. സെക്രട്ടറിക്കെതിരെ നടപടിയെ കുറിച്ച് ആലോചിക്കാനാണ് കൗണ്‍സില്‍ ചേര്‍ന്നത്. എന്നാല്‍ പ്രതിപക്ഷം സെക്രട്ടറിക്കെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു. യോഗത്തില്‍ ആദ്യം സംസാരിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പില്‍ വനിതാ കൗണ്‍സിലര്‍മാരെ അവഹേളിച്ചെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബഷീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനിടെ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ കൗണ്‍സില്‍ യോഗം അംഗീകരിച്ചെന്ന് പ്രഖ്യാപിച്ച് ചെയര്‍മാനും, ഭരണപക്ഷ കൗണ്‍സിലര്‍മാരും ഹാളിന് പുറത്തു പോകുമ്പോഴുണ്ടായ ഉന്തിലും തള്ളിലുമാണ് ചെയര്‍മാന് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ കസേരയേറും നടന്നു. അതിനിടെ കൗണ്‍സില്‍ യോഗത്തില്‍ നടന്നത് തോമസ് ചാണ്ടിയെ രക്ഷിക്കാനുള്ള ഒത്തുകളി നാടകമായിരുന്നെന്നും വിമര്‍ശനം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.