ഭാരത്മാല പദ്ധതി; നടപ്പാക്കുന്നത് എട്ടുലക്ഷം കോടി രൂപയുടെ റോഡ് നിര്‍മ്മാണം

Wednesday 25 October 2017 9:43 pm IST

ന്യൂദല്‍ഹി: ഭാരത്മാല പദ്ധതിയുടെ ഭാഗമായുള്ള എട്ടുലക്ഷം കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ 2018 അവസാനത്തോടെ ആരംഭിക്കുമെന്ന് റോഡ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ റോഡ് ഗതാഗതത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പശ്ചാത്തല സൗകര്യത്തിലുള്ള കുറവുകള്‍ പരിഹരിക്കുന്നതിനുള്ള സമഗ്ര ദേശീയപാത വികസന പദ്ധതിയാണ് ഭാരത്മാല. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി പദ്ധതിക്ക് അംഗീകാരം നല്‍കിയത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. നിലവിലെ ദേശീയപാതകളിലെ പശ്ചാത്തല സൗകര്യങ്ങളിലുള്ള കുറവുകള്‍ പരിഹരിച്ച് യാത്ര കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. പിന്നോക്ക-അതിര്‍ത്തി മേഖലകള്‍, ഗ്രോതമേഖലകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളുള്ള പ്രദേശങ്ങള്‍, മതപരമായും വിനോദസഞ്ചാരപരമായും പ്രാധാന്യമുള്ള പ്രദേശങ്ങള്‍, തീരദേശ മേഖലകള്‍, അയല്‍ രാജ്യങ്ങളുമായി വ്യാപാര യാത്രയ്ക്കുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ ബന്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കും. 550 ജില്ലകളെ ദേശീയപാതയുമായി ബന്ധിപ്പിക്കും 550 ജില്ലകളെ ദേശീയപാതകളുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ഇപ്പോള്‍ 300 ജില്ലകളാണുള്ളത്. നിലവിലുള്ള ആറ് ദേശീയ ഇടനാഴികള്‍ അമ്പതെണ്ണമാകും. 80 ശതമാനം ചരക്കുകളും ദേശീയപാതകളിലൂടെ കൊണ്ടുപോകാനാകും. ഇപ്പോള്‍ നാല്‍പ്പത് ശതമാനം മാത്രമാണ്. രാജ്യത്തെ ചരക്ക് നീക്ക സൂചികയില്‍ ഗുണപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇതിന് പുറമെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ദേശീയപാത സൗകര്യ വികസനം എന്നി മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തികപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. ആദ്യഘട്ടത്തില്‍ 24,800 കിലോമീറ്ററാണ് പരിഗണിക്കുന്നത്. എന്‍എച്ച്ഡിപിയില്‍ ബാക്കിവന്ന 10,000 കിലോമീറ്റര്‍ റോഡുപണികൂടി ഏറ്റെടുക്കും ഇതുള്‍പ്പെടെ 34,800 കിലോമീറ്റര്‍ റോഡ് പണിയാണ് നടത്തുക. 2022ല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തെ 5.35 ലക്ഷം കോടിക്ക് പുറമെ ദേശീയപാത വകുപ്പിന്റെ ഭാഗമായി ഇപ്പോള്‍ നടന്നുവരുന്ന വിവിധ പദ്ധതികള്‍ക്കായി 1.57 ലക്ഷം കോടിയും ആവശ്യമുണ്ട്. അറുനൂറോളം പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 19,500 കിലോമീറ്ററിന്റെ വിദശമായ പദ്ധതിരേഖ തയാറായി വരികയാണ്. ദേശീയ ഇടനാഴികളില്‍ തിരക്കേറെയുള്ള ഭാഗങ്ങളില്‍ പാത വികസനം റിംഗ് റോഡുകള്‍, ബൈപാസുള്‍, എലവേറ്റര്‍ കോറിഡോറുകള്‍, ചരക്ക് പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിച്ച് തിരക്ക് കുറക്കും. തന്ത്രപ്രധാനമുള്ള 3300 കിലോമീറ്റര്‍ അന്തര്‍ദേശീയ പ്രാധാന്യമുള്ള റോഡുകളോടൊപ്പം നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളുമായുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2000 കിലോമീറ്റര്‍ അന്താരാഷ്ട്ര ബന്ധിപ്പിക്കല്‍ റോഡുകളും നിര്‍മ്മിക്കും. 2000 കിലോമീറ്റര്‍ തീരദേശ റോഡുകളും 2000 കിലോമീറ്റര്‍ ബന്ധിപ്പിക്കല്‍ റോഡുകളും ഏറ്റെടുക്കും. ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് ഹൈവേയുടെ വികസനത്തിനായി 1,900 കിലോമീറ്റര്‍ സ്ട്രച്ചുകള്‍ കണ്ടെത്തും. ചെലവ് ഇങ്ങനെ 9000 കി.മീ. ധനകാര്യ ഇടനാഴികളുടെ വികസനത്തിന് 1,20,000 കോടി 6000 കി.മീ. അന്തര്‍ ഇടനാഴികള്‍ക്കും സമീപ റോഡുകള്‍ക്കും 80,000 കോടി 5000 കി.മീ. ദേശീയ ഇടനാഴികള്‍ക്കും കാര്യക്ഷമത വര്‍ദ്ധിപ്പിക്കലിനും 1,00,000 കോടി 2,000 കി.മീ. അതിര്‍ത്തി-അന്താരാഷ്ട്ര ബന്ധിപ്പിക്കല്‍ റോഡുകള്‍ക്ക് 25,000 കോടി 2000 കി.മീ. തീരദേശ-തുറമുഖ റോഡുകളുടെ ബന്ധിപ്പിക്കലിന് 20,000 കോടി 800 കി.മീ. എക്പ്രസ് വേക്ക് 40,000 കോടി എന്‍എച്ച്ഡിപിയിലെ 10,000 കി.മീ. റോഡിന് 1,50,000 കോടി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.