ഉദ്ഘാടന ദിവസം തന്നെ പ്രവര്‍ത്തനം നിലച്ച് പുതുകുളം കുടിവെള്ള പദ്ധതി

Wednesday 25 October 2017 10:20 pm IST

വരന്തരപ്പിള്ളി : ഉദ്ഘാടന ദിവസം തന്നെ പ്രവര്‍ത്തനം നിലച്ച അപഖ്യാതിയുമായി നിലനില്‍ക്കുകയാണ് പുതുകുളം കുടിവെള്ള പദ്ധതി. രണ്ട് ഘട്ടങ്ങളിലായി 24 ലക്ഷം രൂപ ചിലവഴിച്ചിട്ടും പദ്ധതിയില്‍ നിന്നും ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ കോളനി നിവാസികള്‍. വേനലിലും വര്‍ഷത്തിലും കുടിവെള്ളം കാശ് കൊടുത്തു വാങ്ങുന്ന കോരനൊടി കോളനിക്കാര്‍ക്കായാണ് പുതുകുളം ശുദ്ധജല പദ്ധതി നടപ്പിലാക്കിയത്. മൂന്ന് വര്‍ഷം മുന്‍പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചുവെങ്കിലും ഉദ്ഘാടന ദിവസം തന്നെ പദ്ധതി നിലച്ചുപോകുകയായിരുന്നു. വരന്തരപ്പിള്ളി പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ കോരനൊടിയിലെ പട്ടികജാതി കോളനിയിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന്റെ 19 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. പുതുകുളത്തിനോട് ചേര്‍ന്ന് കിണര്‍ സ്ഥാപിച്ച് അതില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം ഒരു കിലോമീറ്റര്‍ ദൂരെയുള്ള കോരനൊടിക്കുന്നിലെ ടാങ്കില്‍ എത്തിക്കുകയായിരുന്നു പദ്ധതി. ടാങ്കില്‍ നിന്നും പൈപ്പ് മാര്‍ഗ്ഗം കോളനിയുടെ ചുറ്റുമുള്ള വഴിയോരത്ത് ടാപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പൈപ്പ് സ്ഥാപിച്ചതിലെ അപാകതയാണ് പദ്ധതി പാളിപോകാനുള്ള കാരണം. മണ്ണിനടിയില്‍ സ്ഥാപിച്ച നിലവാരം കുറഞ്ഞ പൈപ്പുകള്‍ ഘടിപ്പിക്കുന്ന ഭാഗങ്ങളില്‍ പൊട്ടല്‍ അനുഭവപ്പെട്ടതാണ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചത്. പല ഭാഗങ്ങളിലും പൈപ്പ് പൊട്ടിയതോടെ കുടിവെള്ളം പാഴായി പോകുകയായിരുന്നു. കോളനിക്കാര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി ഇരുപതിലേറെ ടാപ്പുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഇതെല്ലാം നാശത്തിന്റെ വക്കിലായി. വര്‍ഷക്കാലത്തുപോലും പണം കൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേടിലാണ് കോളനി നിവാസികള്‍. പദ്ധതി അവതാളത്തിലായതോടെ നിര്‍മ്മാണ ചുമതല വഹിച്ച വാട്ടര്‍ അതോറിറ്റി പല തവണ പദ്ധതിയിലൂടെ വെള്ളം എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു. പിന്നീട് ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ പദ്ധതി ഉപേക്ഷിച്ച് പോകുകയായിരുന്നു. ഈ സമയത്ത് വരന്തരപ്പിള്ളി പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി ശുചീകരണ പ്ലാന്റ് സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം തകരാറിലായ പൈപ്പ് മാറ്റി സ്ഥാപിക്കുകയും ചെയ്തുവെങ്കിലും വീണ്ടും ഉദ്ഘാടനം കാത്ത് കഴിയുകയാണ് ഈ കുടിവെള്ള പദ്ധതി. അടുത്ത വേനലിന് മുന്‍പായി പദ്ധതിയില്‍ നിന്നും ഒരു തുള്ളി വെള്ളം കുടിക്കാന്‍ കിട്ടുമോ എന്ന ആശയിലാണ് കോളനിവാസികള്‍ കഴിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.