ഐഎസ് ബന്ധം; മലയാളിയെ എന്‍ഐഎ ചോദ്യം ചെയ്യും

Thursday 26 October 2017 7:57 am IST

ന്യൂദൽഹി: ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ മലയാളിയെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഇസ്മായീല്‍ മൊഹിയുദ്ദീന്‍ എന്ന ഷാജഹാന്‍ വെള്ളുവക്കണ്ടിയെയാണ് നാല് ദിവസത്തേക്ക് എന്‍.ഐ.എ.യുടെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞവര്‍ഷം ജൂണില്‍ ഭാര്യയുമായി തുര്‍ക്കിയിലേക്ക് പോയ ഇയാള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവിടെനിന്ന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് തുര്‍ക്കി അധികൃതര്‍ പിടികൂടി ഇന്ത്യയിലേക്ക് അയച്ചത്. തുര്‍ക്കി പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യയെയും ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ ഭീകരസംഘടനയായ ഐ.എസ്. അനുഭാവിയാണെന്ന് പോലീസ് ആരോപിക്കുന്നു. ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അന്വേഷിച്ചു കൊണ്ടിരുന്ന ഈ കേസ് ഇപ്പോള്‍ എന്‍.ഐ.എ. ഏറ്റെടുത്തിട്ടുണ്ട്. വ്യാജപ്പേരില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ച ഇയാള്‍ ഐ.എസില്‍ പ്രവര്‍ത്തിക്കുന്നതിനായി തുര്‍ക്കിയിലേക്കും സിറിയയിലേക്കും പോകുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.