ഇസ്ലാമിക തീവ്രസംഘടനകളുടെ ദുഷ്പ്രചരണം; മീസില്‍സ്-റൂബെല്ല വാക്‌സിന്‍ യജ്ഞം പ്രതിസന്ധിയില്‍

Thursday 26 October 2017 1:16 pm IST

സ്വന്തം ലേഖകന്‍ കൊല്ലം: ഇസ്ലാമിക തീവ്രവാദസംഘടനകളുടെ കടുത്ത എതിര്‍പ്പും കുപ്രചരണവും കാരണം ജില്ലയില്‍ വാക്‌സിന്‍ കാമ്പയിന്‍ പ്രതിസന്ധിയില്‍. മീസില്‍സ്-റൂബെല്ലാ എന്നീ രോഗങ്ങളുടെ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള വാക്‌സിനേഷന്‍ പ്രോഗ്രാമാണ് കടുത്ത വെല്ലുവിളി നേരിടുന്നത്. ഒരുമാസം നീളുന്ന പരിപാടി അവസാനിക്കാന്‍ എട്ട് ദിവസം മാത്രം ശേഷിക്കെ 58 ശതമാനം പേരാണ് ജില്ലയില്‍ വാക്‌സിന്‍ എടുത്തിട്ടുള്ളത്. 95 ശതമാനം പേരെങ്കിലും വാക്‌സിനേഷന്‍ എടുത്താല്‍ മാത്രമെ പദ്ധതി വിജയിക്കൂ. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ വാക്‌സിനേഷനോട് കടുത്ത എതിര്‍പ്പാണ് പ്രകടമാക്കുന്നത്. സ്‌കൂളുകളിലും അംഗന്‍വാടികളിലും സിഎച്ച്‌സികളിലും കടുത്ത പ്രതിരോധമാണ് ഇവരില്‍ നിന്നുണ്ടാകുന്നത്. ആദ്യഘട്ടത്തില്‍ നല്ല മുന്നേറ്റം കാഴ്ചവച്ച കൊല്ലം ജില്ല സംസ്ഥാനത്ത് ഏഴാം സ്ഥാനത്തേക്ക് പോയി. സാഹചര്യം കണക്കിലെടുത്ത് പദ്ധതി പരാജയപ്പെടുമോ എന്ന ആശങ്കയും ആരോഗ്യവകുപ്പ് അധികൃതരില്‍ വളര്‍ന്നിട്ടുണ്ട്. ഒമ്പതുമാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ് എടുക്കേണ്ടത്. 5,78,406 കുട്ടികളില്‍ 3,33,593 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മണ്‍ട്രോതുരുത്ത്, ചവറ, നെടുമ്പന, ആദിച്ചനല്ലൂര്‍, തൊടിയൂര്‍, തഴവ, മാങ്കോട്ചിതറ, ഓച്ചിറ, വള്ളിക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ 50 ശതമാനം ലക്ഷ്യം കൈവരിക്കാനായുള്ളൂ. സ്‌കൂളുകളില്‍ വീണ്ടും പിടിഎ മീറ്റിങ് വിളിച്ച് കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ചില സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍, സംഘടനാ പ്രതിനിധികള്‍, പിടിഎ, വിവിധ സംഘടനകള്‍ എന്നിവര്‍ വാക്‌സിനേഷന്‍ നല്‍കുന്നതില്‍ വിമുഖത കാട്ടുന്നുണ്ട്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ മതമൗലികവാദികളുടെ കുപ്രചരണം ഇതിനെതിരെ നടക്കുന്നുണ്ട്. പെണ്‍കുട്ടികളില്‍ വന്ധ്യതയും ആണ്‍കുട്ടികളില്‍ ഓട്ടിസവും വാക്‌സിനേഷന്‍ വരുത്തുമെന്നാണ് ഇവരുടെ പ്രചാരണമത്രെ. ബോധവല്‍ക്കരണലക്ഷ്യത്തോടെ മുസ്ലിം വീടുകളിലും പള്ളികളിലും ചെന്നെങ്കിലും ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. ഭാവിയിലെ രോഗാവസ്ഥയും മറ്റും വ്യക്തമാക്കി നല്‍കാനുള്ള പരിശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. മദ്രസകളിലും യത്തീഖാനകളിലും മുസ്ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളിലും നിസഹകരണം രൂക്ഷമാണ്. ഗള്‍ഫില്‍ നിന്നുപോലും മാതാപിതാക്കള്‍ വാക്‌സിന്‍ എടുക്കുന്നതിനെതിരെ നിലകൊള്ളാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതായാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഉണ്ടായ അനുഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.