വിത്ത് ക്ഷാമം രൂക്ഷം കര്‍ഷകര്‍ വലയുന്നു

Thursday 26 October 2017 7:17 pm IST

എടത്വാ: കുട്ടനാട്ടില്‍ നെല്‍വിത്ത് ക്ഷാമം രൂക്ഷം. പൂഞ്ചകൃഷിയുടെ വിതയിറക്ക് താമസിക്കാന്‍ സാധ്യത. നവംബര്‍ ഒന്നിന് വിതയിറക്കാന്‍ പാടശേഖര സമതികള്‍ തീരുമാനിച്ചിരിക്കെയാണ് വിത്തിന് കടുത്ത ക്ഷാമം നേരിടുന്നത്. 48 ലോഡ് നെല്ല് ആവശ്യപ്പെട്ട ചമ്പക്കുളം എഡിയുടെ പരിധിയില്‍ നാല് ലോഡുകള്‍ മാത്രമാണ് എത്തിയത്. എത്തിയ ലോഡ് ചമ്പക്കുളം പരിധിയില്‍പെട്ട മാര്‍ത്താണ്ഡം സി ബ്ലോക്ക് കായലിലേക്ക് മാറ്റി. രാമങ്കരി എഡി പരിധിയില്‍ 36 ലോഡ് വിത്ത് ആവശ്യപ്പെട്ടപ്പോള്‍ ഏഴ് ലോഡ് വിത്ത് മാത്രമാണ് എത്തിയത്. എത്തിയ വിത്ത് നീലംപേരൂര്‍ കൃഷിഭവനില്‍ വിതരണം ചെയ്തു. കാര്‍ത്തികപള്ളി എഡിയില്‍ ആദ്യം വിത്ത് എത്തിയെങ്കിലും നാമമാത്രമായ വിതരണമാണ് നടന്നത്. അമ്പലപ്പുഴ എഡിയില്‍ വിത്ത് ഇതുവരെ എത്തിയിട്ടില്ല. അമ്പലപ്പുഴ എഡിയില്‍പെട്ട തകഴി കൃഷിഭവന്‍ പരിധിയിലാണ് കൂടുതല്‍ ഹെക്ടറില്‍ കൃഷിചെയ്യുന്നത്. ഇവിടെ രണ്ടാംകൃഷി വിളവെടുപ്പ് കഴിഞ്ഞ പാടശേഖരങ്ങളില്‍ പോലും പുഞ്ചകൃഷിക്ക് വയലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വിത്ത് ലഭിക്കാത്തത് കാരണം ഇവിടെയും നവംബര്‍ ഒന്നിന് വിതയിറക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. കേരള സീഡ് കോര്‍പ്പറേഷന്റെ വിത്തുകള്‍ മാത്രമാണ് വിതരണം ചെയ്യുന്നത്. കര്‍ണാടക സീഡ് കോര്‍പ്പറേഷന്റെ വിത്ത് കഴിഞ്ഞ സീസണില്‍ യഥേഷ്ടം ലഭിച്ചിരുന്നതാണ് വിത്ത് ക്ഷാമം ഒരുപരിധിവറെ പിടിച്ചുനിന്നത്. വിതയിറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ കുട്ടനാട്ടില്‍ വിത്ത് ലഭ്യത അവതാളത്തിലാകാന്‍ സാദ്ധ്യതയുണ്ട്. കൃഷി വകുപ്പ് വേഗം ഇടപെട്ട് വിത്ത് എത്തിക്കാന്‍വേണ്ട നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.