പൊന്‍കുന്നം: ഉദ്ഘാടനം നടത്തി രണ്ടു വര്‍ഷമായിട്ടും മിനി സിവില്‍ സ്റ്റേഷന് തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ വേറിട്ടസമരം. മുമ്പ് ഇതേ വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന സബ്രജിസ്ട്രാര്‍ ഓഫീസ് പ്രതീകാത്മകമായി സ്ഥാപിച്ച് പാവകള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്തായിരുന്നു സമരം. വരനേയും വധുവിനേയും പോലെ അണിയിച്ചൊരുക്കിയ പാവകളെ സിവില്‍ സ്റ്റേഷന് മുമ്പില്‍ തയ്യാറാക്കി. ഹാരമണിയിച്ച് ഇവരുടെ വിവാഹവും നടത്തി. കൗതുക കല്യാണം കാണാന്‍ ആള്ക്കാര് തടിച്ചു കൂടിയിരുന്നു.
നിര്‍മാണം തുടങ്ങി എട്ടുവര്‍ഷം പിന്നിട്ടിട്ടും ഇതേവരെ സിവില്സ്റ്റേഷന് തുറന്നു കൊടുത്തിട്ടില്ല. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ കയറാന്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ അധികൃതര്‍ കണ്ണുതുറക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. കല്യാണസമരം തുടക്കം മാത്രമാണെന്നും സിവില്സ്റ്റേഷന് തുറക്കുന്നത് വരെ സമരപരിപാടികള്‍ തുടരുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
ജില്ലാട്രഷറര്‍ കെ.ജി. കണ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍ അധ്യക്ഷനായി. ജില്ലാകമ്മറ്റിയംഗം എ.എസ്. റെജികുമാര്‍, എം.ജി. വിനോദ്, വിഷ്ണു എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: