കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു

Thursday 26 October 2017 9:54 pm IST

കോട്ടയം: ഡ്യൂട്ടി പരിഷ്‌ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി കോട്ടയത്ത് നിന്നുള്ള ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു. ദിവസവും ശരാശരി 21 ഷെഡ്യൂളുകള്‍ വീതമാണ് കുറയ്ക്കുന്നത്. ഗ്രാമീണ മേഖലയിലേക്കുളള സര്‍വീസുകളാണ് നിര്‍ത്തുന്നതില്‍ കൂടുതലും. ജീവനക്കാരുടെ കുറവും ബസ്സുകള്‍ അറ്റകുറ്റപ്പണിക്ക് ശേഷം സമയത്ത് ഇറക്കാന്‍ കഴിയാത്തത് മൂലമാണ് സര്‍വീസുകള്‍ കുറച്ചത്. ഡ്രൈവര്‍മാരുടെ കുറവാണ് പ്രധാന പ്രശ്‌നം. സിങ്കിള്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ ജീവനക്കാരില്ലാത്തതിനാല്‍ ആദ്യം നിര്‍ത്തിയത് ഗ്രാമീണ റൂട്ടകളിലേക്കുളള സര്‍വീസുകളാണ്. കുറവിലങ്ങാട്, ഉഴവൂര്‍, വെളിയനാട് തുടങ്ങിയ റൂട്ടുകളില്‍ രാത്രികാല സര്‍വീസുകള്‍ നിര്‍ത്തിയിരിക്കുകയാണ്. കൂടാതെ രാത്രിയില്‍ കുമളിക്കുള്ള സര്‍വീസുകളും കുറച്ചു. സിങ്കിള്‍ ഡ്യൂട്ടി അമിത ജോലിഭാരമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഡ്രൈവര്‍മാരുടെ ആക്ഷേപം. രാത്രിയില്‍ വൈകി സര്‍വീസ് അവസാനിപ്പിച്ചതിന് ശേഷം തൊട്ടടുത്ത ദിവസരം രാവിലെ ജോലിക്ക് കയറേണ്ടത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും അവര്‍ പറയുന്നു. മോശമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ അറ്റകുറ്റപ്പണി ചെയ്ത് ഇറക്കുന്ന ബസ്സുകളുടെ എണ്ണവും കുറഞ്ഞു. അഞ്ച് ബസ്സ് ഇറക്കിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൂന്നെണ്ണം മാത്രമാണുള്ളത്. കോട്ടയത്ത് കക്കൂസില്‍ നിന്ന് ഉള്‍പ്പെടെയുള്ള മലിനജലം പുതിയതായി നിര്‍മ്മിച്ച ഗ്യാരേജിലാണ് വന്നടിയുന്നത്. ഇത് മൂലം ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ജീവനക്കാര്‍ പറയുന്നു. പമ്പാ സര്‍വീസ് തുടങ്ങുമ്പോള്‍ കൂടുതല്‍ ബസ് പിന്‍വലിക്കേണ്ടതായി വരും. ചെങ്ങന്നൂര് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പമ്പ സര്‍വ്വീസുകള്‍ നടത്തുന്നത് കോട്ടയം ഡിപ്പോയില്‍ നിന്നാണ്. ഈ വര്‍ഷം പുതിയ ബസ്സുകളില്ലാത്തതിനാല്‍ അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസ്സുകള്‍ പമ്പയ്ക്ക് പ്രത്യേക സര്‍വ്വീസായി ഓടിക്കാനാണ് നീക്കം. ഈ സാഹചര്യത്തില്‍ നിലവില്‍ തുടരുന്ന പല സര്‍വീസുകളും വെട്ടിക്കുറയ്‌ക്കേണ്ടതായി വരും. ഇത് യാത്രാ ക്ലേശം വര്‍ദ്ധിപ്പിക്കും. ബദല്‍ സംവിധാനങ്ങളൊരുക്കാനുള്ള നീക്കങ്ങളൊന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.